കേരളത്തിലെ 56 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്
text_fieldsതിരുവനന്തപുരം: നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ മുൻ ഭാരവാഹികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ് . സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. സംഘടനയുടെ രണ്ടാം നിര നേതാക്കളുടെ വീടുകളിലാണ് പരിശോധന. ദില്ലിയിൽ നിന്നുളള എൻ.ഐ.എ ഉദ്യോഗസ്ഥരും റെയ്ഡിനായി കേരളത്തിൽ എത്തിയിട്ടുണ്ട്.
പി.എഫ്.ഐ നിരോധനത്തിന്റെ തുടർച്ചയായാണ് പരിശോധന. പലയിടത്തും ഇതിനോടകം റെയ്ഡ് പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങി. മാസങ്ങൾക്ക് മുൻപ് രാജ്യവ്യാപകമായി പി.എഫ്.ഐ നേതാക്കളുടെ വീടുകളിൽ സമാനമായ രീതിയിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയെ നിരോധിക്കുന്നത്.
എന്നാൽ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻ.ഐ.എയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് എന്നാണ് സൂചന. കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി കേരള പൊലീസിന്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടക്കുന്നത്.
എറണാകുളം റൂറലിൽ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ. എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് റെയ്ഡ് നടന്നത്. പി.എഫ്.ഐ മുൻ തിരുവനന്തപുരം സോണൽ പ്രസിഡൻ്റ് നവാസ് തോന്നയ്ക്കൽ, മുൻ സംസ്ഥാന കമ്മിറ്റി അംഗം സുൽഫി വിതുര, പി.എഫ്.ഐ പ്രവർത്തകൻ പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. തിരുവനന്തപുരത്ത് എൻ.ഐ.എ ഡിവൈഎസ്പി ആർ.കെ.പാണ്ടെയുടെ നേതൃത്വത്തിലാണ് പരിശോധന.
കൊല്ലം ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടന്നു. കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എൻ.ഐ.എ സംഘം പരിശോധന നടത്തുന്നത്. ചക്കുവള്ളിയിൽ സിദ്ദീഖ് റാവുത്തർ എന്നയാളുടെ വീട്ടിലാണ് പരിശോധന.
പത്തനംതിട്ടയിൽ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിൽ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പത്തനംതിട്ടയിൽ റെയ്ഡ് നടക്കുന്ന വീടുകളിൽ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂർ പഴകുളത്തും എൻ.ഐ.എ പരിശോധന നടക്കുകയാണ്. പി.എഫ്.ഐ നേതാവ് സജീവിൻ്റെ വീട്ടിലാണ് പരിശോധന.
കോട്ടയം കാഞ്ഞിരപ്പള്ളിയിലും എൻ.ഐ.എ റെയ്ഡ് നടക്കുകയാണ്. നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ നേതാവായിരുന്ന സുനീർ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേരളാ പൊലീസിൻ്റെ സാന്നിധ്യത്തിലാണ് റെയ്ഡ് നടക്കുന്നത്. ഈരാറ്റുപേട്ടയിലും പരിശോധന നടക്കുകയാണ്.
മൂവാറ്റുപുഴയിൽ പി.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം.കെ അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെ രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. ആലുവയിൽ ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധന. ചിലയിടങ്ങളിൽ റെയ്ഡ് അവസാനിച്ചു, നേരത്തെ അടച്ചു പൂട്ടിയ പോപ്പുലർ ഫ്രണ്ടിൻ്റെ ചില ഓഫീസുകളും എൻ.ഐ.എ സംഘം തുറന്നുപരിശോധിച്ചു.
മലപ്പുറത്തും പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ പരിശോധന തുടരുകയാണ്. നാലിടങ്ങളിലാണ് ഒരേ സമയം പരിശോധന. മുൻപ് അറസ്റ്റിലായ ദേശീയ പ്രസിഡൻ്റ് ഒഎംഎ സലാമിൻ്റെ സഹോദരൻ്റെ മഞ്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു. ഒരേ സമയം മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും റെയ്ഡ് നടക്കുകയാണ്. മണ്ണാർക്കാട് കോട്ടോപ്പാടത്തും പരിശോധന നടക്കുകയാണ്. നാസർ മൗലവി എന്ന വ്യക്തിയുടെ വീട്ടിലാണ് റെയ്ഡ്. മലപ്പുറം സോണൽ പ്രസിഡന്റ് ആയിരുന്നു നാസർ മൗലവി. ഇദ്ദേഹം നാട്ടിലിലെന്നും വിദേശത്താണെന്നുമാണ് വിവരം.
കോഴിക്കോട് ജില്ലയിൽ രണ്ടിടത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പി.എഫ്.ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻ.ഐ.എ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിലും എൻ.ഐ.എ പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.