തെലങ്കാനയിലെ യു.എ.പി.എ കേസ്: പാണ്ടിക്കാട്ടും പാലക്കാട്ടും എൻ.ഐ.എ റെയ്ഡ്
text_fieldsപാണ്ടിക്കാട്/മലപ്പുറം/പാലക്കാട്: തെലങ്കാനയിലെ യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് പാണ്ടിക്കാട്ടും പാലക്കാട്ടും എൻ.ഐ.എ റെയ്ഡ് നടത്തി. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നേതാവ് സി.പി. റഷീദിന്റെ പാണ്ടിക്കാട് വളരാട്ടെ തറവാട് വീട്ടിലും സഹോദരൻ സി.പി. ഇസ്മായിൽ താമസിക്കുന്ന പാലക്കാട് യാക്കരയിലെ ഫ്ലാറ്റിലുമാണ് ഹൈദരാബാദിൽനിന്നുള്ള എൻ.ഐ.എ സംഘം പരിശോധന നടത്തിയത്. പാണ്ടിക്കാട്ട് വ്യാഴാഴ്ച പുലർച്ച നാലോടെ ആരംഭിച്ച പരിശോധന ഉച്ചക്ക് 11.30ഓടെയാണ് അവസാനിച്ചത്. മൊബൈൽ ഫോണും വിവിധ രേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തു. പാലക്കാട്ടെ പരിശോധന ഒമ്പതോടെ പൂർത്തിയായി.
സി.പി. ഇസ്മായിലിന്റെ ഭാര്യ അഡ്വ. സോയ വാടകക്കെടുത്ത ഫ്ലാറ്റിലാണ് തെലങ്കാനയിൽനിന്നുള്ള രണ്ട് എൻ.ഐ.എ ഉദ്യോഗസഥരും ഹേമാംബിക നഗർ പൊലീസുമുൾപ്പെടെ എട്ടംഗ സംഘമെത്തിയത്. മുണ്ടൂർ രാവുണ്ണി പ്രസിദ്ധീകരിക്കാൻ തയാറാക്കിയ ലേഖനത്തിന്റെ കൈയെഴുത്തുപ്രതി, ചൈനീസ് മാവോയിസ്റ്റ് പാർട്ടി ഇറക്കിയ പഴയ പുസ്തകം, മറുവാക്ക് മാഗസിൻ എന്നിവ കൊണ്ടുപോയി. കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ഫ്ലാറ്റിലിരുന്ന പുസ്തകം പണം നൽകി വാങ്ങി സംഘം കൊണ്ടുപോയതായും അഡ്വ. സോയ പറഞ്ഞു.
പശ്ചിമഘട്ട വനമേഖലയിൽ മാവോവാദി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സി.പി.ഐ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിനെ 2023 നവംബറിൽ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പാണ്ടിക്കാട് സ്വദേശികളും സഹോദരങ്ങളുമായ സി.പി. റഷീദ്, സി.പി. ഇസ്മായിൽ, സി.പി. മൊയ്തീൻ, മാവോവാദി സൈദ്ധാന്തികൻ കെ. മുരളി തുടങ്ങിയവർ പ്രതികളാണ്. കൂടുതൽ ചോദ്യം ചെയ്യലിനായി സി.പി. റഷീദ്, സി.പി. ഇസ്മായിൽ എന്നിവരോട് ഒരാഴ്ചക്കകം ഹൈദരാബാദിലുള്ള എൻ.ഐ.എ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഹൈദരാബാദിലും ആന്ധ്രയിലും ചില പൊതുപ്രവർത്തകരുടെ വീട്ടിലും എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സി.പി. റഷീദടക്കമുള്ളവരുടെ പേരിൽ യു.എ.പി.എ ചുമത്തിയത്. യു.എ.പി.എ സെക്ഷൻ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതുസുരക്ഷനിയമവും ആയുധ നിയമത്തിന്റെ സെക്ഷൻ 25 പ്രകാരവുമാണ് കേസെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.