ഇന്ത്യയെ ശിഥിലമാക്കാൻ പോപുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് എൻ.ഐ.എ
text_fieldsകൊച്ചി: ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിച്ച് രാജ്യത്തെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെ സമുദായങ്ങളും ഗ്രൂപ്പുകളും തമ്മിലെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കാൻ പി.എഫ്.ഐ ഗൂഢാലോചന നടത്തിയെന്ന് എൻ.ഐ.എ. അക്രമാസക്തമായ തീവ്രവാദ പ്രവർത്തനത്തിലൂടെയാണ് ഇതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചത്.
2047ഓടെ ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ, പി.എഫ്.ഐ റിപ്പോർട്ടേഴ്‌സ് വിങ്, ഫിസിക്കൽ ആൻഡ് ആംസ് ട്രെയിനിങ് വിങ്, സർവിസ് വിങ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളും യൂനിറ്റുകളും സ്ഥാപിച്ചു. തെരഞ്ഞെടുത്ത കാഡർമാർക്ക് ആയുധ പരിശീലനം നൽകുന്നതിന് പി.എഫ്.ഐ വിവിധ കാമ്പസുകളും സൗകര്യങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും എൻ.ഐ.എ പറയുന്നു. തങ്ങളുടെ ‘ലക്ഷ്യങ്ങൾ’ ഇല്ലാതാക്കാൻ ഒരു റിപ്പോർട്ടേഴ്‌സ് വിങ്ങും സർവിസ് ടീമും ഹിറ്റ് ടീമും ഉണ്ടാക്കിയതായി എൻ.ഐ.എ ആരോപിച്ചു.
എൻ.ഐ.എ അന്വേഷണത്തിന്റെ ഭാഗമായി 17ലധികം സ്വത്തുക്കൾ കണ്ടുകെട്ടുകയും 18 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. പ്രധാന നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം യഹിയ കോയ തങ്ങൾ, എറണാകുളം സോണൽ സെക്രട്ടറി എം. എച്ച. ഷിഹാസ്, ജില്ലതല നേതാക്കളായ ടി.എസ്. സൈനുദ്ദീൻ, എ.പി. സാദിഖ്, സി.ടി. സുലൈമാൻ തുടങ്ങിയവരും കുറ്റപത്രം നൽകപ്പെട്ടവരിലുണ്ട്.
ആരോപണങ്ങൾ സാധൂകരിക്കാൻ 650 രേഖകളും തൊണ്ടിമുതലുകളും കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. 2022 സെപ്റ്റംബറിലാണ് എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തത്. രാജ്യത്തെ വിവിധ കോടതികളിലായി ഇതേ കേസിൽ ഇതോടെ നാല് കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്. ഇതേകേസിൽ തമിഴ്നാട് സ്വദേശികളായ 10 പ്രതികൾക്കെതിരെ തമിഴ്നാട്ടിലെ പ്രത്യേക കോടതിയിലും കുറ്റപത്രം നൽകിയിട്ടുണ്ട്. പാലക്കാട് ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത ശ്രീനിവാസൻ വധക്കേസ് പ്രതികളും ഈ ഗൂഢാലോചനക്കേസിൽ പങ്കാളികളാണെന്നും കുറ്റപത്രം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.