മലപ്പുറം, കൊല്ലം സ്ഫോടനം: അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കും
text_fieldsകൊച്ചി: മലപ്പുറം, കൊല്ലം കലക്ടറേറ്റ് സ്ഫോടന കേസുകളിലെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കും. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേസ് ഏറ്റെടുക്കാന്‍ എന്‍.ഐ.എ താല്‍പര്യം പ്രകടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ അന്വേഷണം ഏറ്റെടുക്കുമെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ അഞ്ച് കോടതിസമുച്ചയങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ പ്രധാന കേസായ മൈസൂരു കോടതിയിലെ ആക്രമണം അന്വേഷിക്കുന്നത് എന്‍.ഐ.എയാണ്.
അഞ്ച് സംഭവങ്ങളിലും താരതമ്യേന വീര്യം കുറഞ്ഞ സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്നതിനാല്‍ ഇപ്പോള്‍ പിടിയിലായവരാണ് ഇതിനെല്ലാം പിന്നിലെന്ന നിഗമനത്തിലാണ് എന്‍.ഐ.എ. കേസുകള്‍ പല ഏജന്‍സികള്‍ അന്വേഷിച്ചാല്‍ തുടര്‍ നടപടികളില്‍ പ്രശ്നങ്ങളുണ്ടാവുമെന്നതിലാണ് എന്‍.ഐ.എ ഏറ്റെടുക്കാനൊരുങ്ങുന്നത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ സംഘം മലപ്പുറത്ത് പരിശോധന നടത്തിയിരുന്നു.
അന്വേഷണം ഏറ്റെടുക്കുന്നതിന്‍െറ ആദ്യ പടിയായി സ്ഫോടക വസ്തുക്കള്‍ നല്‍കിയത് ആരെന്നാണ് അന്വേഷിക്കുന്നത്. നിരവധി പടക്ക നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്ന തമിഴ്നാട്ടില്‍നിന്നാവും ഇത് ശേഖരിച്ചിരിക്കുകയെന്നാണ് എന്‍.ഐ.എ സംശയിക്കുന്നത്. കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നതിന്‍െറ ഭാഗമായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാവില്ളെന്നാണ് അറിയുന്നത്. അതേസമയം, എന്‍.ഐ.എക്ക് കേസ് കൈമാറേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ വൈകാതെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അതിനിടെ, അറസ്റ്റിലായവര്‍ ഉള്‍പ്പെട്ടതായി പറയുന്ന ബേസ് മൂവ്മെന്‍റ് എന്ന സംഘടനയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഴംഗ സംഘമായാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, അനുഭാവികളായ 20ഓളം പേര്‍ ഇവര്‍ക്ക് പിന്നിലുള്ളതായി സംശയിക്കുന്നുണ്ടെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു.
പിടിയിലായവരെ വിട്ടുകിട്ടാന്‍ ആവശ്യപ്പെടും
മലപ്പുറം: വിവിധ സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് മധുരയില്‍ അറസ്റ്റിലായവരെ വിട്ടുകിട്ടാന്‍ മലപ്പുറം ജില്ല പൊലീസും ആവശ്യപ്പെടും. മലപ്പുറം സിവില്‍ സ്റ്റേഷനിലെ കോടതിവളപ്പില്‍ നടന്ന സ്ഫോടനവുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ നേരിട്ട് ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വ്യക്തത ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണസംഘം. വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം മേധാവി ഡിവൈ.എസ്.പി പി.ടി. ബാലന്‍ പറഞ്ഞു. പിടിയിലായവരെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കുന്നതിന് പിറകെ ഇതിനായുള്ള നീക്കം നടത്താനാണ് തീരുമാനം. ആന്ധ്രയിലെ ചിറ്റൂര്‍, കര്‍ണാടകയിലെ മൈസൂരു, കൊല്ലം, മലപ്പുറം എന്നിവിടങ്ങളിലെ സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിട്ടുണ്ട്. മൈസൂരുവിലെ കേസ് എന്‍.ഐ.എ നേരിട്ടാണന്വേഷിക്കുന്നത്. സ്ഫോടനങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ കൊല്ലത്തും മലപ്പുറത്തും എന്‍.ഐ.എ നേരിട്ടത്തെി തെളിവെടുത്തിരുന്നു. നവംബര്‍ ഒന്നിനാണ് മലപ്പുറം സിവില്‍സ്റ്റേഷനിലെ കോടതിവളപ്പില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ പൊട്ടിത്തെറിയുണ്ടായത്. വ്യക്തമായ സൂചനകളില്ലാതെ അന്വേഷണ സംഘം മുന്നോട്ടുപോകാനാകാതെ നില്‍ക്കുമ്പോഴാണ് മധുരയില്‍ നാലുപേര്‍ പിടിയിലാകുന്നത്. ഈ വര്‍ഷം ജൂണ്‍ 15നാണ് കൊല്ലം കലക്ടറേറ്റ് വളപ്പില്‍ സ്ഫോടനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.