നിദ ഫാത്തിമയുടെ മൃതദേഹം ഇന്നെത്തിക്കും
text_fieldsഅമ്പലപ്പുഴ: സൈക്കിൾ പോളോ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പുരിലെത്തിയ ശേഷം മരണത്തിന് കീഴടങ്ങിയ പത്തുവയസ്സുകാരി നിദ ഫാത്തിമയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. സൈക്കിൾ പോളോ സംസ്ഥാന ടീം അംഗവും അഞ്ചാം ക്ലാസ് വിദ്യാർഥിനിയുമായ നിദ, കാക്കാഴം സുഹറ മൻസിലിൽ ഷിഹാബുദ്ദീൻ-അൻസില ദമ്പതികളുടെ മകളാണ്. മൃതദേഹം വിമാനമാർഗം ശനിയാഴ്ച ആറിന് നെടുമ്പാശ്ശേരിയിൽ കൊണ്ടുവരും. പത്തു മണിക്ക് നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിൽ എത്തിച്ച് പൊതുദർശനത്തിനുവെക്കും. തുടർന്ന് വളഞ്ഞവഴി ഏഴരപീടികയിലെ പിതാവ് ഷിഹാബുദ്ദീന്റെ കുടുംബവീട്ടിൽ കൊണ്ടുവരും. ഖബറടക്കം മൂന്നിന് കാക്കാഴം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നാഗ്പുരിലെ മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ടോടെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. നേരിട്ട് വിമാനമില്ലാത്തതിനാൽ നാഗ്പുരിൽനിന്ന് ബംഗളൂരു, കണ്ണൂർ വഴിയാണ് കേരത്തിലേക്ക് വരുന്നത്. നാഗ്പുരിൽനിന്ന് പുറപ്പെടുന്ന വിമാനം വെള്ളിയാഴ്ച രാത്രി 11.30ന് ബംഗളൂരുവിലെത്തും. അവിടെനിന്ന് ശനിയാഴ്ച കണ്ണൂർ വഴി രാവിലെ ആറിന് നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന വിധമാണ് യാത്ര.
നിദ ഫാത്തിമയും അമ്പലപ്പുഴയിൽനിന്ന് മറ്റ് രണ്ട് കുട്ടികളും കോഓഡിനേറ്റർ ജിതിനോടൊപ്പം കഴിഞ്ഞ ഞായറാഴ്ചയാണ് നാഗ്പുരിലേക്ക് പുറപ്പെട്ടത്. നാഗപുരിലെത്തി ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം നിദക്ക് ഛർദിയുണ്ടായി. പിറ്റേന്ന് അവിടെ ശ്രീകൃഷണ ആശുപത്രിയിൽനിന്ന് കുത്തിവെപ്പെടുത്തു. തുടർന്നുണ്ടായ അവശതയാണ് കുട്ടിയുടെ ജീവനെടുത്തതായി പറയുന്നത്.
കായികമന്ത്രി വി. അബ്ദുറഹ്മാൻ വെള്ളിയാഴ്ച ഉച്ചക്ക് നിദയുടെ വീട് സന്ദര്‍ശിച്ചു. മകളുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മാതാവ് അൻസിലയെയും മന്ത്രി സന്ദർശിച്ചു. എച്ച്. സലാം എം.എല്‍.എയും ഒപ്പമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.