നിദയുടെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് കാത്ത് ബന്ധുക്കൾ; നീറി കുടുംബം
text_fieldsഅമ്പലപ്പുഴ: ദേശീയ ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയി നാഗ്പുരിൽ മരിച്ച അഞ്ചാംക്ലാസ് വിദ്യാർഥിനി നിദ ഫാത്തിമയുടെ (10) മരണകാരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ആന്തരികാവയവങ്ങൾ വിശദമായ പരിശോധനക്കായി നാല് ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ 15 മുതൽ 20 ദിവസം വേണ്ടിവരുമെന്നാണ് അധികൃതർ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
22നാണ് നിദ ഫാത്തിമ നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഓട്ടോ തൊഴിലാളിയായ അമ്പലപ്പുഴ കാക്കാഴം സുഹറ മൻസിലിൽ ഷിഹാബുദ്ദീന്റെയും അൻസിലയുടെയും മകളായ നിദ നീർക്കുന്നം എസ്.ഡി.വി ഗവ.യു.പി സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർഥിനിയായിരുന്നു. സംഭവത്തെത്തുടർന്ന് പിതാവ് ഷിഹാബുദ്ദീനും ഒപ്പമുണ്ടായിരുന്ന പരിശീലകനും സൈക്കിൾപോളോ അസോ. ഭാരവാഹികളുമടക്കമുള്ളവർ അഞ്ച് പരാതികൾ നാഗ്പുരിൽ പൊലീസിൽ നൽകിയിരുന്നു.
അവിടത്തെ ജനപ്രതിനിധികളും അധികാരികളുമടക്കമുള്ളവർ ചർച്ചചെയ്താണ് വിശദമായ പോസ്റ്റ്മോർട്ടത്തിന് തീരുമാനിച്ചത്. നാഗ്പുരിലെ മലയാളി അസോ. ഭാരവാഹികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പിതാവ് ഷിഹാബുദ്ദീൻ പറഞ്ഞു. മകളുടെ വിയോഗത്തിൽ നെഞ്ചുനീറി കഴിയുകയാണ് മാതാവും കുഞ്ഞുസഹോദരനും ഉൾപ്പെട്ട കുടുംബം.
സമഗ്ര അന്വേഷണം വേണം -ചെന്നിത്തല
ആലപ്പുഴ: നിദ ഫാത്തിമയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ആവശ്യപ്പെട്ടു. അസോസിയേഷനുകൾ തമ്മിലുള്ള കിടമത്സരം ഒഴിവാക്കാൻ സർക്കാർ ശ്രമിക്കണം. കുട്ടിയുടെ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കാൻ ഉന്നതതല അന്വേഷണം വേണം.
കുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറി പി. സാബു, എച്ച്. ഇസ്മയിൽ, വി.ആർ. രജിത് എന്നിവർ ഒപ്പമുണ്ടായിരുന്നു. നിദയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂരും ആവശ്യപ്പെട്ടു. നിദയുടെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.