കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് 18 ലക്ഷം തട്ടിയെടുത്ത നൈജീരിയൻ പൗരൻ പിടിയിൽ
text_fieldsകൽപറ്റ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് കൽപറ്റ സ്വദേശിനിയിൽനിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരനെ ബംഗളൂരുവിൽനിന്ന് പൊലീസ് പിടികൂടി. ഇക്കെന്ന മോസസി (30) നെയാണ് വയനാട് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ല സൈബർ പൊലീസും അന്വേഷണ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കാനഡയിലെ മെയോ ആശുപത്രിയിൽ മെഡിക്കൽ കോഡർ ആയി ജോലി നൽകാം എന്ന് വിശ്വസിപ്പിച്ചാണ് യുവതിയിൽ നിന്ന് 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
കഴിഞ്ഞ സെപ്റ്റംബറിൽ വിവിധ ഓൺലൈൻ ജോബ്സൈറ്റുകളിൽ വിദേശത്ത് ജോലിക്കായി അപേക്ഷ സമർപ്പിച്ച യുവതിയെ കാനഡയിൽനിന്നാണെന്ന വ്യാജേന ഇ-മെയിൽ വഴിയും വാട്സാപ്പ് വഴിയുമാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. തുടർന്ന്, വിവിധ ഫീസ് ആവശ്യത്തിലേക്കെന്ന് പറഞ്ഞ് ക്രെഡിറ്റ് കാർഡ് വഴി 18 ലക്ഷത്തോളം രൂപ തട്ടിപ്പുകാർ വാങ്ങിയെടുത്തു. യുവതിയെ വിശ്വസിപ്പിക്കുന്നതിനായി കാനഡയുടെ എമിഗ്രേഷൻ വെബ്സൈറ്റിൽ യുവതിയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തു. യുവതിക്ക് ഡൽഹിയിൽ നിന്നും കാനഡയിലേക്കുള്ള എയർടിക്കറ്റും എടുത്തു. തുടർന്നും പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കി സൈബർ പൊലീസിൽ യുവതി പരാതി നൽകിയത്.
അന്വേഷണം നടത്തിയ പൊലീസിന് തട്ടിപ്പിന് പിന്നിൽ നൈജീരിയൻ സംഘമാണ് എന്ന് വ്യക്തമായി. പരാതിക്കാരിയിൽ നിന്നു വാങ്ങിയ പണത്തിലെ സിംഹഭാഗവും ട്രാൻസ്ഫർ ആയത് നൈജീരിയൻ തലസ്ഥാനമായ അബുജ എന്ന സ്ഥലത്തെ ഒരു ബാങ്കിലേക്കാണ് എന്ന് സൈബർ പൊലീസ് മനസിലാക്കി. ഉദ്യോഗാർഥിയെ ബന്ധപ്പെട്ട ഇ-മെയിൽ നൈജീരിയയിൽ രജിസ്റ്റർ ചെയ്തതാണ്. കൂടാതെ, തട്ടിപ്പ്കാർ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകളും സിംകാർഡുകളും വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ഉള്ളവരുടെതാണ്.
തട്ടിപ്പ് സംഘത്തിന് ബംഗളൂരുവിൽ കണ്ണികളുണ്ട് എന്ന് വ്യക്തമായതിനെ തുടർന്ന് രണ്ട് മാസത്തോളം നിരവധി ഓൺലൈൻ ആപ്പുകളും സോഷ്യൽ മീഡിയ സൈറ്റുകളും ഐ.പി അഡ്രസ്സുകളും വിശകലനം ചെയ്ത പൊലീസ് പ്രതി താമസിക്കുന്ന ഫ്ലാറ്റ് ലൊക്കേഷൻ കണ്ടെത്തി പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.