രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം; പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം
text_fieldsതിരുവനന്തപുരം: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം. രാത്രി പത്തു മുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണം.
ദേവാലയങ്ങൾ ഉൾപ്പെടെ പൊതുയിടങ്ങളിലും മറ്റും നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ജില്ല കലക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും.
നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കും. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.