രാത്രിനിയന്ത്രണം ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന സാധ്യത മുൻനിർത്തി ഏർപ്പെടുത്തിയ നാലുദിവസത്തെ രാത്രികാല നിയന്ത്രണം വ്യാഴാഴ്ച മുതൽ നിലവിൽ. ഈമാസം 30 മുതൽ ജനുവരി രണ്ടുവരെ രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് സംസ്ഥാന സർക്കാർ നിർദേശവും പുറത്തിറക്കി.രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ ഉൾപ്പെടെ ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. തിയറ്ററുകളിൽ രാത്രി ഷോകളും വിലക്കി. ബാറുകൾ, ഹോട്ടലുകൾ എന്നിവക്കെല്ലാം ഈ നിയന്ത്രണം ബാധകമാണ്. രാത്രിപരിശോധന കൂടുതൽ കർക്കശമാക്കാനും ആൾക്കൂട്ടം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനും കഴിഞ്ഞദിവസം ഡി.ജി.പി അനിൽകാന്ത് വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും തീരുമാനിച്ചിട്ടുണ്ട്. പുതുവത്സരാഘോഷങ്ങൾക്ക് ജനങ്ങൾ പൊതുസ്ഥലത്ത് ഒത്തുചേർന്നാൽ കോവിഡ്, ഒമിക്രോൺ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തിയിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് നാല് ദിവസം രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയത്.
പുതുവത്സരാഘോഷങ്ങൾ രാത്രി പത്തിന് അവസാനിപ്പിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹോട്ടലുകൾ ഉൾപ്പെടെയുള്ളവർക്ക് പൊലീസ് നോട്ടീസും നൽകി. ഈ ദിവസങ്ങളിൽ എല്ലാ വ്യാപാരികളും കടകള്‍ രാത്രി പത്തിന് അടയ്ക്കണം. ആള്‍ക്കൂട്ടങ്ങളും അനാവശ്യയാത്രകളും പാടില്ല.അത്യാവശ്യ യാത്രകൾക്ക് പോകുന്നവർ സാക്ഷ്യപത്രം കൈയിൽ സൂക്ഷിച്ചില്ലെങ്കിൽ കർശനനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.