രാത്രി പോസ്റ്റ്മോർട്ടം: മെഡിക്കൽ കോളജുകളിൽ അടിസ്ഥാന സൗകര്യമില്ലെന്ന് സർക്കാർ
text_fieldsകൊച്ചി: രാത്രി പോസ്റ്റ്മോർട്ടത്തിനുള്ള അടിസ്ഥാന സൗകര്യം സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഇല്ലെന്ന് സർക്കാർ ഹൈകോടതിയിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ച പ്രാഥമിക സൗകര്യവും ജീവനക്കാരുടെയടക്കം അംഗബലവും വർധിപ്പിക്കേണ്ടതുണ്ടെന്നും ഇതിന് ഇനിയും സമയം വേണ്ടിവരുമെന്നും ആരോഗ്യകുടുംബ ക്ഷേമ േജാ. സെക്രട്ടറി വിജയകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ രാത്രി പോസ്റ്റ്മോർട്ടം നടത്താൻ 2015 ഒക്ടോബർ 26ന് സർക്കാർ അനുമതി നൽകിയിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി കേരള മെഡിക്കൽ ലീഗോ സൊസൈറ്റി നൽകിയ ഹരജിയിലാണ് വിശദീകരണം. ഹരജി കോടതി വിധി പറയാൻ മാറ്റി.
കാസർകോട് ജനറൽ ആശുപത്രിയിൽ ൈപലറ്റ് പദ്ധതിക്കടക്കം അനുമതിയാണ് സർക്കാർ നൽകിയത്. എന്നാൽ, മതിയായ അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ പ്രാവർത്തികമായില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിനിടെ അസ്തമയത്തിനുശേഷം പോസ്റ്റ്മോർട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നവംബർ 15ന് ഉത്തരവ് പുറപ്പെടുവിച്ചു. മതിയായ അടിസ്ഥാന സൗകര്യമുണ്ടെന്നും തെളിവുമൂല്യത്തെ ബാധിക്കില്ലെന്നും ആശുപത്രി ഇൻചാർജ് ഉറപ്പുവരുത്തണമെന്നാണ് പ്രധാന നിർദേശം. നരഹത്യ, ബലാത്സംഗം, ജീർണിച്ചത്, ക്രമക്കേട് സംശയിക്കുന്ന സംഭവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മൃതദേഹങ്ങൾ രാത്രി പോസ്റ്റ്മോർട്ടം ചെയ്യാൻ പാടില്ല. പോസ്റ്റ്മോർട്ടത്തിെൻറ വിഡിയോ റെക്കോഡിങ്ങും ബന്ധപ്പെട്ടവരുടെ യാത്രയും വിശ്രമവും ഉറപ്പുവരുത്തണം.
ഇൻക്വസ്റ്റ് റിപ്പോർട്ട് തയാറാക്കാനും പോസ്റ്റ്മോർട്ടത്തിനും 24 മണിക്കൂർ പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഫോറൻസിക് സർജൻമാരും മെഡിക്കൽ-പാരാ മെഡിക്കൽ ജീവനക്കാരും മൂന്ന് ഷിഫ്റ്റിലും ജോലി ചെയ്യേണ്ടിവരുമെന്നതിനാൽ അധിക തസ്തികകളും അടിസ്ഥാന സൗകര്യവികസനവും അനിവാര്യമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.