മെഡിക്കൽ കോളജുകളിൽ രാത്രി പോസ്റ്റ്മോർട്ടം ആറുമാസത്തിനകം ആരംഭിക്കണം –ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളജുകളിൽ ആറുമാസത്തിനകം രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കണമെന്ന് ഹൈകോടതി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ഗവ. മെഡിക്കൽ കോളജുകളിൽ മതിയായ വെളിച്ചവും മെഡിക്കൽ ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ജീവനക്കാരുടെ അഭാവംെകാണ്ട് മാത്രം രാത്രികാല പോസ്റ്റ്േമാർട്ടം സാധ്യമല്ലാത്ത കാസർകോട് ജനറൽ ആശുപത്രിയിൽ ഒരുമാസത്തിനകം പൂർണ സൗകര്യമൊരുക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. അഞ്ച് മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്മോർട്ടം തുടങ്ങാൻ 2015ൽ സർക്കാർ തീരുമാനിച്ചെങ്കിലും നടപ്പായില്ലെന്നും സൗകര്യങ്ങളൊരുക്കാതെ ഇതിന് നിർബന്ധിക്കരുതെന്നുമടക്കം ആവശ്യപ്പെട്ട് കേരള മെഡിക്കോ ലീഗൽ സൊസൈറ്റി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കാസർകോട് ആശുപത്രിയിലെ ആവശ്യമുന്നയിച്ച് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയാണ് ഹരജി നൽകിയത്.
വേണ്ടത്ര ഡോക്ടർമാരും മറ്റ് ജീവനക്കാരും അടിസ്ഥാന സൗകര്യവുമില്ലെന്നും അതിനാൽ മുഴുസമയ പോസ്റ്റ്മോർട്ടം സാധ്യമല്ലെന്നുമായിരുന്നു സർക്കാറിെൻറ വിശദീകരണം. കോടതി ഈ വാദം തള്ളി. പോസ്റ്റ്മോർട്ടം പകൽവെളിച്ചത്തിൽ നടത്തുന്നതാണ് നേരത്തേ മുതലുള്ള രീതി. എന്നാൽ, ശാസ്ത്രം ഏറെ പുരോഗമിച്ച ഇക്കാലത്ത് രാത്രിയും ഇത് അനുവദനീയമാണ്. പല വിദേശരാജ്യങ്ങളിലും ഇന്ത്യയിലെതന്നെ പല പ്രധാന ആശുപത്രികളിലും ഇത് നടക്കുന്നുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ രാത്രി പോസ്റ്റ്മോർട്ടം അനുവദിച്ച് കേന്ദ്ര സർക്കാറും ഉത്തരവിട്ടു. എന്നിട്ടും 2015ൽ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുനടപടിയും സ്വീകരിക്കാത്തതിൽ കോടതി അദ്ഭുതം പ്രകടിപ്പിച്ചു. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും ഉടൻ നടത്തി മൃതദേഹം വിട്ടുകൊടുക്കാനുള്ള സമയപരിധി നിശ്ചയിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
അസ്വാഭാവിക മരണം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്താൽ ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടവും നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കേണ്ട ചുമതല സർക്കാറിനായിരിക്കും. ഇതിനുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കണം. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും സമയബന്ധിതമായി പൂർത്തിയാക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചശേഷം സമയക്രമം നിശ്ചയിച്ച് ആറുമാസത്തിനകം ചീഫ് സെക്രട്ടറി സർക്കുലർ പുറപ്പെടുവിക്കണം.
മൃതദേഹം നിശ്ചിത സമയത്തിനുള്ളിൽ ബന്ധുക്കൾക്ക് കൈമാറേണ്ട ചുമതല സർക്കാറിനാണെന്നും നിശ്ചയിക്കപ്പെട്ട സമയപരിധിക്കകം നടപടികൾ പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കണം.
പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകുന്നതിെൻറ ചെലവും സർക്കാർ വഹിക്കണം. സൗകര്യമുള്ള എല്ലാ ആശുപത്രികളിലും രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കുന്നതിെൻറ സാധ്യത വിലയിരുത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കണം.
സമിതി നിർദേശം ശരിവെച്ചാൽ ഇത് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം. നടപടിക്രമങ്ങളുടെ സമയക്രമം നിശ്ചയിച്ച് പകർപ്പ് ഹൈകോടതി രജിസ്ട്രാർ ജനറലിന് സമർപ്പിക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.