സംഘർഷം പതിവായി, കോഴിക്കോട് കോവൂർ -ഇരിങ്ങാടൻപള്ളി ബൈപാസിലെ രാത്രികാല കടകൾ നാട്ടുകാർ അടപ്പിച്ചു
text_fieldsകോഴിക്കോട്: നേരം പുലരുവോളം സജീവമായ കോവൂർ-ഇരിങ്ങാടൻ പള്ളി- പൂളക്കടവ് മിനി ബൈപ്പാസിലെ കടകൾക്കെതിരെ നാട്ടുകാർ. രാത്രി 10 ന് ശേഷം കടകൾ തുറക്കരുതെന്ന് താക്കീത് ചെയ്ത് പ്രദേശവാസികൾ കടകൾ അടപ്പിച്ചു.
സംഘർഷങ്ങൾ പതിവായതിനെ തുടർന്നാണ് നാട്ടുകാരുടെ പ്രതിഷേധം. ഞായറാഴ്ച രാത്രി 11ന് കോവൂർ ബൈപാസിൽ നാട്ടുകാരും യുവാക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
റോഡിന് ഇരുവശങ്ങളിലുമായി ഫുഡ് കോർട്ടുകൾ നിറഞ്ഞതോടെ രാത്രിയിൽ വലിയ തിരക്കാണ് പ്രദേശത്ത്. റോഡിലെ അനധികൃത പാർക്കിങ്ങും സംഘർഷവും പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടായതോടെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാത്രി 10ന് ശേഷം റോഡിൽ അനധികൃത പാർക്കിങ്ങിനെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് അസിസ്റ്റന്റ് കമീഷണർ എ.ഉമേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഗതാഗത തടസം സൃഷ്ടിച്ച 40 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തതായി പൊലീസ് പറഞ്ഞു.
റോഡിൽ ബൈക്ക് റേസിങ് നടത്തിയ രണ്ടു പേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. പ്രദേശത്ത് ലഹരി വിൽപനയും സജീവമാണെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം മിനി ബൈപാസിൽ ലഹരി വിൽപനയ്ക്ക് എത്തിയ യുവാവിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.