നിലമ്പൂരിലേക്കുള്ള രാത്രി ട്രെയിൻ എട്ടരക്കാക്കണമെന്ന് ആവശ്യം ശക്തം
text_fieldsഷൊർണൂർ: നിലമ്പൂരിലേക്ക് ഷൊർണൂരിൽനിന്നുള്ള അവസാന ട്രെയിൻ സമയം രാത്രി എട്ടരക്കാക്കണമെന്ന ആവശ്യം ശക്തമായി. 8.10നാണ് ഈ ട്രെയിൻ ഷൊർണൂരിൽനിന്ന് പുറപ്പെടുന്നത്.
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ ഷൊർണൂരിലെത്തുന്ന യാത്രക്കാർക്ക് നിലമ്പൂരിലേക്ക് പോകാനുള്ള ട്രെയിനിൽ കയറാൻ ഏറെ സാഹസമാണ്. അധികദിവസവും എക്സിക്യൂട്ടീവ് ഷൊർണൂരിലെത്തുന്നത് ഏറെ വൈകിയാണ്. നിലമ്പൂർ ട്രെയിനിൽ കയറാനുള്ള ഓട്ടത്തിനിടെ വീണ് ചിലർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളുമുണ്ടാകുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി നിലമ്പൂർ ട്രെയിനിൽ ഹൃദ്രോഗിയായ യുവാവ് മരിച്ചത് ഓടിക്കയറിയ ഉടനെയാണ്. യുവാവും കുടുംബവും രാത്രി 8.05 ന് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഷൊർണൂരിലെത്തുന്ന സമയത്താണ് നിലമ്പൂർ ട്രെയിൻ 8.10 ന് പുറപ്പെടുമെന്ന അറിയിപ്പ് വന്നത്. ഇതോടെ യാത്രക്കാരെല്ലാം ഓട്ടമായി. എറണാകുളത്തെ ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് വരുന്ന നിലമ്പൂർ പൂക്കോട്ടുംപാടം ചുള്ളിയോട് തൊട്ടിത്തൊടി അജീഷും കൂട്ടത്തിലുണ്ടായിരുന്നു.
അജീഷും സഹോദരിമാരായ ഷിജി, വിജി, ലിജി, പിതാവ് ഭാസ്കരൻ എന്നിവരും എങ്ങനെയോ ട്രെയിനിൽ കയറിപ്പറ്റി. അപ്പോഴേക്കും അജീഷ് കിതച്ചും ശ്വാസം മുട്ടിയും ട്രെയിനിന്റെ തറയിലിരുന്നു.
ട്രെയിൻ ചെറുകരയിലെത്തിയപ്പോഴേക്കും മിടിപ്പ് നഷ്ടപ്പെട്ട് തുടങ്ങി. സഹയാത്രിക കാർഡിയാക് മസാജും കൃത്രിമ ശ്വാസവും നൽകാൻ തുടങ്ങിയെങ്കിലും വൈകാതെ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരിയും ഹൃദ്രോഗിയായിരുന്നെന്നും ഇവരെ വീൽചെയറിലിരുത്തിയാണ് അങ്ങാടിപ്പുറം സ്റ്റേഷനിൽനിന്ന് പുറത്തെത്തിച്ചതെന്നും കാർഡിയാക് മസാജ് ചെയ്ത കന്യാസ്ത്രീ പറഞ്ഞു. ഇതേ ദിവസം ഷൊർണൂർ ജങ്ഷനിലെ പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിന് തൊട്ട് മുമ്പ് എക്സിക്യൂട്ടീവ് ട്രെയിൻ പത്ത് മിനിട്ടോളം പിടിച്ചിട്ടിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. ഇതൊഴിവായാൽ തന്നെ യുവാവിന് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. സമയമാറ്റത്തിൽ റെയിൽവെ അധികൃതരും ജനപ്രതിനിധികളും വേണ്ട ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.