ഒന്നുറക്കെ കരയാൻ പോലും കഴിയാതെ മരണവേദനയേറ്റുവാങ്ങി നിഹാൽ; കണ്ണീരിൽ മുഴപ്പിലങ്ങാട് ഗ്രാമം
text_fieldsമുഴപ്പിലങ്ങാട്: തെരുവുനായ് കടിച്ചുകീറുമ്പോഴും ഒന്നുറക്കെ കരയാൻ പോലും കഴിയാതെ മരണവേദനയേറ്റുവാങ്ങി നിഹാൽ നാടിന്റെ നൊമ്പരമായി. ഓട്ടിസം ബാധിച്ച് സംസാരശേഷി നഷ്ടമായ പതിനൊന്നുകാരൻ തെരുവുനായ് ആക്രമണത്തിൽ അതിദാരുണമായാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് കുട്ടിയെ വീട്ടിൽനിന്ന് കാണാതായത്.
ഗേറ്റ് തുറന്നപ്പോൾ പുറത്തിറങ്ങിയതാകാമെന്നാണ് കരുതുന്നത്. സാധാരണ വീട്ടിൽനിന്ന് ഇറങ്ങിയാൽ അയൽവീടുകളിലേക്ക് പോകാറുണ്ടായിരുന്നു. അയൽവീടുകളിൽ അന്വേഷിച്ചിട്ടും കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങളും പ്രദേശവാസികളും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ കുട്ടിയെ കാണാനില്ലെന്ന വാർത്ത പടർന്നതോടെ നിരവധിപേരാണ് തിരച്ചിലിനെത്തിയത്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് കുട്ടിയുടെ വീട്ടിൽനിന്നും 300 മീറ്റർ അപ്പുറം ആളൊഴിഞ്ഞ വീട്ടുപറമ്പിൽനിന്ന് തെരുവുനായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ടതായി സമീപവാസികൾ പറഞ്ഞതനുസരിച്ചാണ് നാട്ടുകാർ രാത്രി എട്ടരയോടെ ആ ഭാഗത്തേക്ക് പോയത്. വീടിനോട് ചേർന്ന പറമ്പിൽ ചെടികൾക്കിടയിൽ ശരീരമാകെ കടിയേറ്റ് കീറിയ നിലയിൽ ചോരയിൽ കുളിച്ചു ചലനമറ്റ് കിടക്കുകയായിരുന്നു നിഹാൽ. മുഖവും കാലുകളും വയറും കടിച്ചുപറിച്ചിരുന്നു. അരക്ക് താഴെയാണ് സാരമായി കടിയേറ്റത്. കൂട്ടമായി വന്ന നായ്ക്കളെ പേടിച്ച് കുട്ടി ആൾ താമസമില്ലാത്ത വീട്ടുപറമ്പിലേക്ക് ഓടിക്കയറിയതാണെന്ന് കരുതുന്നു. സംസാരശേഷിയില്ലാത്തതിനാൽ നിലവിളിക്കാൻ പോലുമായില്ല.
പൊലീസ് സ്ഥലത്തെത്തിയാണ് നിഹാലിനെ ആംബുലൻസിൽ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞത് നിരവധിപേരാണ് മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്തെത്തിയത്.മുഴപ്പിലങ്ങാട് പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ വിളയാട്ടത്തിനെതിരെ വ്യാപക പ്രതിഷേധം നടന്നെങ്കിലും വേണ്ടത്ര ജാഗ്രത കാട്ടാത്തതിന്റെ ഇരയാണ് നിഹാലെന്ന് നാട്ടുകാർ പറയുന്നു. ഓട്ടിസം ബാധിച്ച കുട്ടി തറവാട് സ്നേഹഭവനത്തിൽ ചികിത്സയിലായിരുന്നു. സംഭവം നടന്ന പ്രദേശത്തിന്റെ തൊട്ടടുത്തുള്ള മുഴപ്പിലങ്ങാട് ശ്മശാനം ഭാഗത്ത് നാലുമാസം മുമ്പ് കുട്ടികൾക്കടക്കം തെരുവുനായുടെ കടിയേറ്റിരുന്നു.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഉല്ലസിക്കാനെത്തിയവർക്കാണ് കടിയേറ്റത്. മൈസൂരുവിൽനിന്ന് വന്ന് ഇവിടെ റിസോർട്ടിൽ താമസിക്കുന്ന കുടുംബത്തിലെ രണ്ടു കുട്ടികൾക്കാണ് അന്ന് കടിയേറ്റത്. ബീച്ചിൽ മതിയായ സുരക്ഷ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ അന്ന് ടോൾ പിരിക്കുന്നത് തടഞ്ഞിരുന്നു. ജില്ലയിൽ വിവിധയിടങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമായിരുന്നെങ്കിലും ഇത്തരത്തിൽ ഒരു കുട്ടിയുടെ ജീവൻ നഷ്ടമാകുന്നത് ആദ്യമാണ്. കഴിഞ്ഞയാഴ്ച പാനൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്നിരുന്ന ഒന്നര വയസ്സുള്ള കുട്ടിയെ തെരവുനായ് കടിച്ചു കീറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.