ദുരന്തഭൂമിയിൽ കൈക്കുഞ്ഞിന് രക്ഷകനായി നിഖിൽ
text_fieldsകുന്ദമംഗലം: മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടലിൽ ആദ്യ മണിക്കൂറിൽതന്നെ രക്ഷാപ്രവർത്തനത്തിന് എത്തിയത് അഗ്നിരക്ഷ സേനയായിരുന്നു. ഒലിച്ചുപോയ ചൂരൽമല പാലത്തിനിപ്പുറം കയർ കെട്ടി മൂന്നുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ റോപ് റെസ്ക്യൂ ചെയ്തത് അഗ്നിരക്ഷ സേനയിലെ നിഖിൽ മല്ലിശ്ശേരിയായിരുന്നു. കോഴിക്കോട് ചെറുകുളത്തൂർ സ്വദേശിയാണ് നിഖിൽ. വെള്ളിമാടുകുന്ന് അഗ്നിരക്ഷ നിലയത്തിലാണ് ജോലി ചെയ്യുന്നത്. ഉരുൾപൊട്ടൽ ഉണ്ടായ ദിവസം ലീവായിരുന്നു നിഖിൽ. അന്ന് പുലർച്ച മൂന്നിന് എത്രയുംവേഗം ദുരന്തമുണ്ടായ സ്ഥലത്തേക്ക് റോപ് റെസ്ക്യൂ ടീം എത്തണമെന്ന് നിഖിലിന് ഫോൺ വരുന്നു.
അഗ്നിരക്ഷ സേനയിൽ റോപ് റെസ്ക്യൂ ടീം അംഗമാണ് നിഖിൽ. കനത്ത മഴയിൽ വയനാട്ടിലേക്കുള്ള ദേശീയപാതയിൽ പലയിടത്തും വെള്ളം കയറി റോഡ് ബ്ലോക്ക് ആയിരുന്നു. എങ്കിലും ഡിങ്കി, റോപ് റെസ്ക്യൂ സാമഗ്രികളുമായി എല്ലാം താണ്ടി ഇവർ സംഭവ സ്ഥലത്ത് എത്തി. ഒലിച്ചുപോയ ചൂരൽമല പാലത്തിനക്കരെ നിരവധിയാളുകൾ രക്ഷപ്പെടാൻ കഴിയാതെ നിൽക്കുന്ന കാഴ്ചയാണ് അപ്പോൾ കണ്ടത്. പാലത്തിന് കുറുകെ കയർ കെട്ടി അക്കരെ കടന്ന് അഗ്നിരക്ഷ സംഘം രക്ഷപ്രവർത്തനം ആരംഭിച്ചു.
കയറിലൂടെ ആദ്യം എൻ.ഡി.ആർ.എഫ്, രക്ഷാപ്രവർത്തകർ, ഡോക്ടർമാർ തുടങ്ങിയവർ അക്കരെ എത്തി. അഗ്നിരക്ഷ സേനയുടെ ആദ്യശ്രമം പരിക്കേറ്റവരെ എത്രയുംവേഗത്തിൽ ഇപ്പുറത്ത് എത്തിക്കുക എന്നുള്ളതായിരുന്നു.
അങ്ങനെ ആളുകളെ രക്ഷപ്പെടുത്തുമ്പോഴാണ് മിംസ് ആശുപത്രിയിലെ ഡോ. ലൗന ഏതാണ്ട് മൂന്ന് മാസം പ്രായമുള്ള കൈക്കുഞ്ഞിനെ രക്ഷപ്പെടുത്തി ഇക്കരെ എത്തിക്കണമെന്ന് നിഖിലിനോട് പറഞ്ഞത്. ആ ദൗത്യം ഏറ്റെടുത്ത നിഖിലും കോഴിക്കോട് നിന്നുള്ള അഗ്നിരക്ഷ സേനയുടെ മുഴുവൻ അംഗങ്ങളും സംഹാരതാണ്ഡവമാടുന്ന പുഴയുടെ കുറുകെ പാലത്തിന് പകരം കെട്ടിയ കയറിന് ഇരുവശവും നിന്ന് ആദ്യം കുഞ്ഞിന്റെ മാതാവിനെ ഇക്കരെ എത്തിച്ചു. പിന്നെ കൈക്കുഞ്ഞിനെ സുരക്ഷിതമായി ഇക്കരെ എത്തിച്ചു. കോഴിക്കോട് റീജ്യനൽ ഫയർ ഓഫിസർ ടി. രജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിലായിരുന്നു നിഖിൽ ദുരന്തമുഖത്തേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.