നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്; എസ്.എഫ്.ഐ നീക്കം പൊളിച്ച് കേരള വി.സി
text_fieldsതിരുവനന്തപുരം: ആലപ്പുഴയിലെ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്.എഫ്.ഐക്ക് ലഭിച്ചത് കനത്ത തിരിച്ചടി. ബി.കോം ‘ജയിക്കാതെ’ എം.കോം പ്രവേശനം നേടിയ നിഖിൽ തോമസിനെ ന്യായീകരിച്ച് മണിക്കൂറുകൾക്കകം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോക്ക് തിരുത്തേണ്ടി വന്നു.
നിഖിൽ തോമസിനെ വിളിച്ചുവരുത്തി രേഖകൾ പരിശോധിച്ച ശേഷം എല്ലാം ഒറിജിനലാണെന്ന് ബോധ്യപ്പെട്ടുവെന്ന് തിങ്കളാഴ്ച രാവിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞ പി.എം. ആർഷോ കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിലെ സർവകലാശാലയാണ് കലിംഗയെന്നും ഹാജർ നിർബന്ധമല്ലാതെ പരീക്ഷ എഴുതാനാകുമോ എന്നതാണ് പരിശോധിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി ആരോപണം പ്രതിപക്ഷത്തേക്ക് നീട്ടി.
നിഖിലിനെതിരെ എസ്.എഫ്.ഐയിൽ പരാതിയില്ലെന്നും ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്താനായി ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം, നിഖിലിനെതിരെ വാർത്ത നൽകിയവരുടെ പേരിൽ കേസ് കൊടുക്കുമെന്നും മുന്നറിയിപ്പ് നൽകി.
എന്നാൽ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, കലിംഗ സർവകലാശാല രജിസ്ട്രാർ എന്നിവർ ക്രമക്കേട് സ്ഥിരീകരിച്ചതോടെ എസ്.എഫ്.ഐ വാദം നിലംപൊത്തി. ഇതോടെ വൈകീട്ട് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്താൻ ആർഷോ നിർബന്ധിതനായി.
നിഖിലിനെ ന്യായീകരിച്ച് രാവിലെ പറഞ്ഞതെല്ലാം വിഴുങ്ങിയ ആർഷോ അത് അപ്പോഴത്തെ ബോധ്യമാണെന്നാണ് വിശദീകരിച്ചത്. നിഖിൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടത് മാധ്യമങ്ങളോ പ്രതിപക്ഷമോ അല്ല എസ്.എഫ്.ഐ തന്നെയാണെന്ന അവകാശവാദവും മുേന്നാട്ടുവെച്ചു.
ആർഷോയുമായി ബന്ധപ്പെട്ട പരീക്ഷയെഴുതാതെ പാസായി എന്നതുൾപ്പെടെ പരാതി അടങ്ങിയിട്ടില്ല.
മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് ശ്രമിച്ച ആർഷോയുടെ സുഹൃത്തും മുൻ എസ്.എഫ്.ഐ നേതാവുമായ കെ. വിദ്യ, കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ. വിശാഖ് എന്നിവർക്കെതിരായ കേസിൽ അന്വേഷണം മരവിച്ച മട്ടാണ്. ഈ വിഷയങ്ങളിൽ പ്രതിരോധം തകർന്ന് നിൽക്കുന്ന ഘട്ടത്തിലാണ് നിഖിലിനെയും ന്യായീകരിച്ച് എസ്.എഫ്.ഐ കുടുങ്ങിയത്.
എസ്.എഫ്.ഐ നീക്കം പൊളിച്ച് കേരള വി.സി
നേതൃത്വം ന്യായീകരിച്ച് വെളുപ്പിക്കാൻ ശ്രമിച്ച വ്യാജ ബി.കോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന സൂചന നൽകി ആദ്യ വെടിപൊട്ടിച്ചത് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. സംഘടന നേതൃത്വം വിളിച്ചുവരുത്തി നിഖിൽ തോമസിന് ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെയാണ് കേരള വി.സി മാധ്യമങ്ങളെ കണ്ടത്. കായംകുളം എം.എസ്.എം കോളജിൽ 2017 ബി.കോമിന് ചേർന്ന നിഖിൽ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്താണ് കലിംഗ സർവകലാശാലയിൽ ബി.കോമിന് ചേർന്നതെന്നും മാർക്ക് ലിസ്റ്റും ബിരുദ സർട്ടിഫിക്കറ്റും യഥാർഥമാണെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ മാധ്യമങ്ങളോട് വിശദീകരിച്ചതിന് പിന്നാലെയാണ് യാഥാർഥ്യത്തിലേക്ക് സൂചന നൽകി വി.സി മാധ്യമങ്ങളെ കണ്ടത്. നിഖിൽ തോമസ് 2017 മുതൽ 2020 വരെ മൂന്ന് വർഷവും കായംകുളം എം.എസ്.എം കോളജിൽ പഠിച്ചിരുന്നെന്നും പരീക്ഷയെഴുതിയിരുന്നെന്നും വി.സി വ്യക്തമാക്കി. നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് കലിംഗ സർവകലാശാലയുമായി ബന്ധപ്പെട്ട് പരിശോധിക്കാൻ നിർദേശം നൽകിയതായും വി.സി അറിയിച്ചു. നിഖിൽ കായംകുളം എം.എസ്.എം കോളജിൽനിന്ന് അവസാനത്തെ സെമസ്റ്റർവരെ പരീക്ഷയെഴുതിയിട്ടുണ്ട്. ഹാജരില്ലാതെ പരീക്ഷയെഴുതാൻ കഴിയില്ല. 2018-19 വർഷത്തിലാണ് യൂനിവേഴ്സിറ്റി യൂനിയൻ ജോയന്റ് സെക്രട്ടറിയായിരുന്നത്. കലിംഗ സർവകലാശാലയിൽ 2017 മുതൽ 2020 വരെ മൂന്നുവർഷം റെഗുലറായി കോഴ്സ് ചെയ്ത് ഫസ്റ്റ് ക്ലാസിൽ പാസായെന്നാണ് സമർപ്പിച്ച രേഖയിലുള്ളത്. എന്നാൽ, കായംകുളത്ത് പഠിച്ച കാലത്ത് പല പേപ്പറുകളും നിഖിലിന് വിജയിക്കാനായിട്ടില്ല.
കലിംഗ സർവകലാശാലയിൽ ബി.കോം, ബി.കോം ഓണേഴ്സ് എന്നിങ്ങനെ രണ്ട് രീതിയിൽ സെമസ്റ്റർ രീതിയിലുള്ള കോഴ്സുകളാണുള്ളതെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ഇതിൽ ബി.കോം ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്സ് ഓണേഴ്സ് രീതിയിലാണ്. എന്നാൽ, നിഖിൽ സമർപ്പിച്ച ബി.കോം ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് ഓണേഴ്സ് എന്ന രീതിയിലല്ല. ഇക്കാര്യങ്ങളിൽ വ്യക്തത തേടേണ്ടതുണ്ട്. കായംകുളം കോളജിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അവിടെ മൂന്നുവർഷം പഠിച്ച് തോറ്റ കുട്ടി ബി.കോം പാസായെന്ന രേഖ കാണിച്ചപ്പോൾ പരിശോധിച്ചില്ലെന്നും വി.സി ചൂണ്ടിക്കാട്ടി. കോളജിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ ബി.കോം പഠിച്ചിട്ടില്ലെന്ന് കലിംഗ രജിസ്ട്രാർ വ്യക്തമാക്കിയതോടെ പൊലീസിൽ പരാതി നൽകുമെന്ന് പിന്നീട് വി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.