നിഖിൽ തോമസിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് കോഴിക്കോട്ടെ സഖാക്കളാണെന്ന്
text_fieldsകോട്ടയം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതി മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനെ ഇന്നലെ അർധരാത്രി 12.30ഓടെ കോട്ടയത്തുനിന്ന് കായം കുളം പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് നിഖിൽ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കോഴിക്കോട് നിന്നും തിരുവനന്തപുരം കെ.എസ്.ആർ.ടി.സി എ.സി ലോഫ്‌ളോർ ബസിൽ കൊട്ടാരക്കരക്കാണ് നിഖിൽ ടിക്കറ്റ് എടുത്തത്. കോഴിക്കോട്ടുള്ള പാർട്ടി നേതാക്കളാണ് നിഖിലിന് ഒളിവിൽ കഴിയാനുള്ള സഹായം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം.
ഒളിവിൽ പോകുന്ന സമയത്ത് നിഖിൽ ഫോണിലൂടെ ബന്ധപ്പെട്ട വർക്കലയിലുള്ള സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിഖിലിനെ പിടികൂടാൻ കഴിഞ്ഞതെന്ന് പറയുന്നു. പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ഇതിനിടെ, നിഖിലിന്റെ മാതാപിതാക്കളെയും നിഖിലുമായി ബന്ധമുള്ളവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ നിഖിൽ കീഴടങ്ങാനുള്ള നീക്കം നടത്തുന്നതിനിടെയാണ് അറസ്റ്റ് എന്നും സൂചനയുണ്ട്.
വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് നിഖിലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇതിന് പിന്നാലെയാണ് നിഖിൽ ഒളിവിൽ പോയത്. നിഖിലിനെ എസ്.എഫ്.ഐയിൽനിന്നും സി.പി.എമ്മിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
കായംകുളം എം.എസ്.എം കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു നിഖില്‍ തോമസ്. പരീക്ഷ പാസാകാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളജില്‍ എംകോമിന് ചേര്‍ന്നതാണ് വിവാദത്തിന് തുടക്കമിട്ടത്. പിന്നാലെ എം.എസ്.എം കോളജ് നല്‍കിയ പരാതിയിലാണ് കായംകുളം പൊലീസ് നിഖില്‍ തോമസിനെതിരെ കേസെടുത്തത്. കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്, നിഖിലിന്റെ എംകോം പ്രവേശനം തുടങ്ങിയവയില്‍ സമഗ്ര അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നിഖില്‍ തോമസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.