നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാർഥി കാര്യത്തിൽ കോൺഗ്രസിനെ വട്ടം കറക്കി പി.വി. അൻവർ
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി കാര്യത്തിൽ കോൺഗ്രസിനെ വട്ടം കറക്കി പി.വി. അൻവർ. ആര്യാടൻ ഷൗക്കത്തിനെ മൽസരിപ്പിക്കാനാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പി.വി. അർവർ. എ.പി. അനിൽകുമാറുമായുള്ള ചർച്ചയിലും അൻവർ ഇക്കാര്യം ആവർത്തിക്കുകയായിരുന്നു. ഇതിനിടെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ ലീഗ് എം.എൽ.എ നീക്കം നടത്തിയതിനെച്ചൊല്ലി മുന്നണിയിൽ വിവാദവും ഉയർന്നു.
ജോയിയെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എ.പി. അനിൽകുമാർ അൻവറുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ഈ സമവായ ചർച്ച പരാജയപ്പെട്ടു. ജോയിയെ തന്നെ മത്സരിപ്പിക്കണം എന്ന പിടിവാശിയിൽ നിന്നും പിന്മാറാൻ അൻവർ തയാറായില്ല. ഇതോടെ സ്ഥാനാർഥി കാര്യത്തിൽ പി.വി. അൻവറിന് ഒരു നിർബന്ധ ബുദ്ധിയുമില്ലെന്ന കോൺഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു.
കോൺഗ്രസിന്റെ സ്ഥാനാർഥിക്കാര്യം പൂർണമായും അൻവറിന്റെ നിയന്ത്രണത്തിലായി എന്നാണ് ചർച്ച നൽകുന്ന സൂചന. നിലമ്പൂരിൽ എന്തുവില നൽകിയും വിജയിക്കേണ്ടത് യു.ഡി.എഫിന്റെ ആവശ്യമാണ്. അൻവർ ആകട്ടെ ഷൗക്കത്ത് മത്സരിച്ചാൽ തോൽപ്പിക്കുമെന്ന മുന്നറിയിപ്പാണ് കോൺഗ്രസ് നേതാക്കൾക്ക് നൽകുന്നത്. കഴിഞ്ഞദിവസം ആര്യാടൻ ഷൗക്കത്ത് അൻവറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അൻവർ രാഷ്ട്രീയ കുടിപ്പക അവസാനിപ്പിക്കാൻ തയാറായില്ല.
അൻവർ ഇപ്പോഴത്തെ തീരുമാനത്തിൽ ഉറച്ച് നിന്നാൽ കോൺഗ്രസിലെ സ്ഥാനാർഥി നിർണയം വഴിമുട്ടും. ആരാടൻ ഷൗക്കത്തിനുവേണ്ടി മുസ് ലീംലീഗിലും നീക്കം നടക്കുന്നുണ്ട്. ഏറനാട് എം.എൽ.എ പി.കെ. ബഷീർ ഷൗക്കത്തിനുവേണ്ടി കോൺഗ്രസുകാരും ആയി ചർച്ച നടത്തിയതായാണ് സൂചന. ചുരുക്കത്തിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എളുപ്പത്തിൽ ജയിച്ചു കയറാം എന്ന കോൺഗ്രസിന്റെ പ്രതീക്ഷക്കാണ് മങ്ങലേൽപ്പിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെതിരായ നിലപാടിൽ അൻവർ ഉറച്ച് നിന്നാൽ കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടുമെന്ന കാര്യത്തിൽ സംശയമില്ല. കോൺഗ്രസ് ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയാൽ അൻവർ എതിരാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.