നിലമ്പൂർ: കോൺഗ്രസ് ആരെ കൊള്ളും, ആരെ തള്ളും?
text_fieldsനിലമ്പൂർ: നിലമ്പൂർ മണ്ഡലത്തിൽ സ്ഥാനാർഥി നിർണയം കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാകുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥിയായി നിലവിലെ എം.എൽ.എ പി.വി. അൻവറാണ് പരിഗണനയിലുള്ളത്. യു.ഡി.എഫിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റിൽ ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. ഇതിൽ ആരെ പരിഗണിക്കണമെന്നതാണ് കോൺഗ്രസിന് തലവേദനയായിരിക്കുന്നത്.
ഒട്ടുമിക്ക ഡി.സി.സി പ്രസിഡൻറുമാർക്കും സീറ്റ് നൽകുന്ന സാഹചര്യത്തിൽ പ്രകാശിനെ മാറ്റിനിർത്തുന്നത് അഭികാമ്യമാവില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിെൻറ ധാരണ.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അവസാനഘട്ടത്തിലാണ് പ്രകാശിനെ മാറ്റി ഷൗക്കത്തിനെ നിശ്ചയിച്ചത്. അടുത്തതവണ പ്രകാശിന് സീറ്റ് നൽകുമെന്ന് പറഞ്ഞാണ് പ്രതിഷേധക്കാരെയും പ്രകാശ് പക്ഷക്കാരെയും നേതാക്കൾ അനുനയിപ്പിച്ചത്.
പതിനായിരത്തിൽ കൂടുതൽ വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പരാജയപ്പെട്ടത്. യു.ഡി.എഫിലെ അനൈക്യമാണ് പരാജയത്തിന് കാരണമെന്നായിരുന്നു പിന്നീട് യു.ഡി.എഫിെൻറ വിലയിരുത്തൽ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഷൗക്കത്ത് മണ്ഡലത്തിൽ സജീവമാണ്.
പ്രതിപക്ഷം എന്ന നിലയിൽ വിഷയങ്ങളിൽ ഷൗക്കത്തിെൻറ ഇടപെടൽ തള്ളികളയാനാവില്ല. തെരെഞ്ഞടുപ്പ് മുന്നിൽകണ്ട് ബൂത്തുതലങ്ങളിൽ പോലും ഇടപെട്ട് പുതിയ വോട്ടർമാരെ പരമാവധി ചേർക്കുന്നതിനും അദ്ദേഹം മുൻകൈയെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം കണ്ട് നഗരസഭ ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് ഷൗക്കത്ത് മാറിനിന്നു.
യു.ഡി.എഫ് ഘടകകക്ഷികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും നിലമ്പൂരിലെ സ്ഥാനാർഥി നിർണയമെന്ന് കോൺഗ്രസിലെ മുതിർന്ന നേതാവ് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.