അജിതയുടെ മൃതദേഹം കനത്ത സുരക്ഷയില്‍ പൊലീസ് സംസ്കരിച്ചു
text_fieldsകോഴിക്കോട്: നിലമ്പൂരിലെ കരുളായി വനത്തില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് കാവേരി എന്ന അജിതയുടെ (40) മൃതദേഹം കനത്ത സുരക്ഷയില്‍ പൊലീസ് സംസ്കരിച്ചു. ശനിയാഴ്ച ഉച്ചക്ക് 12ഓടെ വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തിലാണ് മൃതദേഹം മറവുചെയ്തത്. ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ ഒമ്പതിനുതന്നെ അജിതയുടെ സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിയിരുന്നു. അജിതയുടെ തമിഴ്നാട്ടിലെ സുഹൃത്തുക്കളും അഭിഭാഷകരുമായ ഭഗവത് സിങ്, മാനുവല്‍, അയ്യപ്പന്‍, ആനന്ദന്‍ എന്നിവരും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസുവും മോര്‍ച്ചറിക്കു മുന്നിലത്തെിയെങ്കിലും പൊലീസ് മൃതദേഹം വിട്ടുകൊടുത്തില്ല. കോടതി ഉത്തരവില്‍ അങ്ങനെ പരാമര്‍ശിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഒടുവില്‍ ശ്മശാനത്തില്‍ ഒരു മണിക്കൂര്‍മാത്രം പൊതുദര്‍ശനത്തിന് വെക്കാനും അന്ത്യോപചാരമര്‍പ്പിക്കാനും പൊലീസ് അനുമതി നല്‍കി.
രാവിലെ 10.10ന് മോര്‍ച്ചറിയില്‍നിന്ന് കനത്ത സുരക്ഷവലയത്തില്‍ 10.35ന് ശ്മശാനത്തിലേക്ക് തിരിച്ച ഉടനെ സുഹൃത്തുക്കള്‍ ടാക്സിയില്‍ പിന്തുടരുകയായിരുന്നു. മൃതദേഹത്തോടൊപ്പം ആംബുലന്‍സില്‍ ഇരിക്കാന്‍പോലും അനുവദിച്ചില്ളെന്ന് ഹൈകോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ച അഡ്വ. ഭഗവത് സിങ് ആരോപിച്ചു.
കോടതിവിധി വിശദീകരിച്ച് ഉപാധികളും മുന്നോട്ടുവെച്ചശേഷമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ മൃതദേഹം കാണാന്‍ പൊലീസ് അനുവദിച്ചത്. ഒരു മണിക്കൂര്‍ അന്ത്യോപചാരത്തിനു ശേഷം 11.50ന് പ്രവര്‍ത്തകര്‍ റെഡ് സല്യൂട്ട് നല്‍കി പിന്തിരിഞ്ഞതോടെ പൊലീസ് മറവ് ചെയ്യുകയായിരുന്നു. ഇതിനിടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മറ്റൊരുഭാഗത്ത് അനുശോചനയോഗം ചേര്‍ന്നു. ഭഗവത് സിങ്, എ. വാസു, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി എന്നിവര്‍ക്ക് മാത്രമേ സംസ്കാര സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചുള്ളൂ.
നവംബര്‍ 24നാണ് അജിതയും കുപ്പുദേവരാജും നിലമ്പൂരില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അജിതയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ എത്താതിരുന്നതിനാലും മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി മനുഷ്യാവകാശ പ്രവര്‍ത്തകരും സുഹൃത്തുക്കളും കോടതിയെ സമീപിച്ചതിനാലുമാണ് സംസ്കരിക്കാന്‍ 24 ദിവസം കാത്തിരിക്കേണ്ടിവന്നത്. ബന്ധുക്കള്‍ എത്താത്ത സാഹചര്യത്തില്‍ പൊലീസ് അനാഥപ്രേതമെന്ന നിലയില്‍ സംസ്കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് നിയമത്തിലെ 827(2) വകുപ്പ് ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തകന്‍ ഭഗവത് സിങ് ഹൈകോടതിയെ സമീപിച്ചത്. ഈ ഹരജി ഹൈകോടതി ജഡ്ജി തീര്‍പ്പാക്കിയതോടെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിക്കപ്പെട്ടത്. അജിതയോടൊപ്പം കൊല്ലപ്പെട്ട കുപ്പു ദേവരാജിന്‍െറ മൃതദേഹം കഴിഞ്ഞ ഒമ്പതിന് മാവൂര്‍ റോഡ് പൊതുശ്മശാനത്തില്‍ ദഹിപ്പിച്ചിരുന്നു. ദേവരാജിന്‍െറ ഭാര്യയും സഹോദരനും അമ്മയും എത്തി മൃതദേഹം ഏറ്റുവാങ്ങിയതിനാലാണ് ദഹിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.