അജിതയുടെ ശവസംസ്കാരം: കോടതിവിധി ഭാഗികമായേ നടപ്പാക്കിയുള്ളൂ –അഭിഭാഷകന്‍
text_fieldsകോഴിക്കോട്: അജിതയുടെ മൃതദേഹം സംസ്കരിക്കുന്നതിന് അനുകൂലമായ കോടതിവിധി പൊലീസ് ഭാഗികമായേ നടപ്പാക്കിയുള്ളൂ എന്ന് അഡ്വ. ഭഗവത് സിങ്. പൊലീസ് നിയമത്തിലെ 827(2) വകുപ്പ് ചൂണ്ടിക്കാട്ടി അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി നല്‍കിയ മദ്രാസ് ഹൈകോടതി മധുര ബെഞ്ചിലെ അഭിഭാഷകനാണ് ഭഗവത് സിങ്.
നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട പി. അജിതയുടെ മൃതദേഹം ആദരവോടും ആചാരപ്രകാരവും സംസ്കരിക്കാന്‍ തങ്ങള്‍ക്ക് വിട്ടുകിട്ടണം എന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍, പൊലീസ് അതിന് വഴങ്ങിയില്ല എന്നുമാത്രമല്ല, ആംബുലന്‍സില്‍ കയറാന്‍പോലും അനുവദിച്ചില്ളെന്നും അദ്ദേഹം പറഞ്ഞു. അജിതക്കൊപ്പം കൊല്ലപ്പെട്ട കുപ്പുദേവരാജിന്‍െറ മൃതദേഹം സംസ്കരിച്ചതുപോലെ ഹരജിക്കാരന്‍െറ സാന്നിധ്യത്തില്‍ അജിതയുടെ മൃതദേഹവും മാന്യമായി സംസ്കരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ഹരജിക്കാരനും മറ്റുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാനും മറ്റുമായി രണ്ടുമണിക്കൂര്‍ അനുവദിക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
ശനിയാഴ്ച രാവിലെ പത്തോടെ മോര്‍ച്ചറിയില്‍നിന്ന് പൊലീസ് മേല്‍നോട്ടത്തില്‍ മൃതദേഹം മാറ്റണമെന്നായിരുന്നു കോടതി ഉത്തരവില്‍ പ്രധാനം. ശ്മശാനത്തില്‍ പൊലീസ് നിര്‍ദേശിക്കുന്ന അനുയോജ്യമായ സ്ഥലത്ത് ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെക്കാനും പരാതിക്കാരനും സുഹൃത്തുക്കള്‍ക്കും അന്ത്യോപചാരമര്‍പ്പിക്കാനും ആവശ്യമായ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. പരാതിക്കാരനും സുഹൃത്തുക്കളുമുള്‍പ്പെടെയുള്ളവര്‍ ക്രമസമാധാനം തകരുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു.
സമ്പന്നയായി ജീവിക്കാന്‍ സാധിക്കുമായിരുന്നിട്ടും അട്ടപ്പാടിയില്‍ പോഷകാഹാര കുറവ് കാരണം മരിക്കുന്ന കുട്ടികള്‍ക്കുവേണ്ടി സംസാരിച്ചതിനാണ് അജിത രക്തസാക്ഷിയായതെന്ന് എ. വാസു പറഞ്ഞു. തമിഴ്നാട്ടില്‍നിന്നുള്ള മനുഷ്യാവകാശ സംഘടനകളായ ഓള്‍ ഇന്ത്യ റെവലൂഷനറി വുമന്‍സ് ഓര്‍ഗനൈസേഷന്‍ (എ.ഐ.ആര്‍.ഡബ്ള്യു), ഒ. ആര്‍.ഡി.ആര്‍, ആന്‍റി ഇംപീരിയല്‍സ് മൂവ്മെന്‍റ്, കര്‍ണാടക, തമിഴ്നാട് തമിഴ്മക്കള്‍ ഫോറം, കേരളത്തിലെ പ്രതികരണവേദി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, വിപ്ളവ ജനാധിപത്യ മുന്നണി (ആര്‍.ഡി.എഫ്), വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധ മുന്നണി തുടങ്ങിയ വിവിധ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അനുശോചനയോഗം.
അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, ആര്‍.എം.പിയുടെ കെ.എസ്. ഹരിഹരന്‍, അംബിക, അഡ്വ. അയ്യപ്പന്‍, ശൗരി (കര്‍ണാടക, തമിഴ്നാട് തമിഴ്മക്കള്‍ ഫോറം), വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികളായ പി.സി. ഭാസ്കരന്‍, അസ്ലം ചെറുവാടി, ടി.കെ. മാധവന്‍, എ.പി. വേലായുധന്‍, മുസ്തഫ പാലാഴി, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍, തായാട്ട് ബാലന്‍, അഡ്വ. സാബി ജോസഫ് എന്നിവര്‍ അനുശോചന യോഗത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.