നിലമ്പൂർ- കോട്ടയം പാസഞ്ചറിലും റിസർവേഷൻ യാത്ര മാത്രം; ബുദ്ധിമുട്ടിലായി യാത്രക്കാർ
text_fieldsകൊച്ചി: നീണ്ട കാത്തിരിപ്പിന് ശേഷം ട്രെയിനുകൾ അനുവദിച്ചപ്പോഴും സീസൺ ടിക്കറ്റ്, അൺറിസർവ് യാത്രകൾ അനുവദിക്കാത്തത് സാധാരണ യാത്രക്കാർക്ക് തിരിച്ചടിയായി. കച്ചവടക്കാരും സ്വകാര്യ മേഖലയിലെ സാധാരണക്കാരും ഏറെ ആശ്രയിച്ചിരുന്ന നിലമ്പൂർ - കോട്ടയം പാസഞ്ചർ ഒക്ടോബർ ഏഴ് മുതൽ പുനസ്ഥാപിക്കുന്നത് ഫുൾ റിസർവേഷൻ എക്സ്പ്രസായിട്ടാണ്.
വൈകീട്ട് എറണാകുളത്ത് നിന്ന് കോട്ടയത്തേക്കുള്ള അവസാന സർവിസായ ഈ ട്രെയിൻ കൂടുതലായി ആശ്രയിച്ചിരുന്നത് ദിവസ വേതനക്കാരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുമാണ്. പണ്ട് എറണാകുളം കോട്ടയം റൂട്ടിൽ 15 രൂപ നിരക്കിൽ യാത്ര ചെയ്തിരുന്നവർക്ക് എക്സ്പ്രസിലാകുമ്പോൾ റിസർവേഷൻ ചാർജടക്കം അൻപതുരൂപ നൽകണം. ഓൺലൈനിൽ ടിക്കറ്റ് എടുത്താൽ ഐ.ആർ.സി.ടി.സിക്ക് നൽകേണ്ട 17.70 രൂപയും ചേർത്ത് 67.70 രൂപ നൽകണം. കോവിഡ് പശ്ചാത്തലത്തിൽ യാത്ര ചെലവ് അസഹ്യമായി ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും അമിത ലാഭം മാത്രം റെയിൽവെ ലക്ഷ്യംവെക്കുന്നുവെന്ന വിമർശനമാണ് യാത്രക്കാർ ഉയർത്തുന്നത്.
സീസൺ ടിക്കറ്റ് അനുവദിച്ചിരുന്നെങ്കിൽ ഒരു മാസം ഇരുവശത്തേക്കുമായി 270 രൂപ മാത്രമായി കുറഞ്ഞേനെ. അൺ റിസേർവ്ഡ് കോച്ചുകൾ അനുവദിച്ചിരുന്നെങ്കിൽ ഒരു യാത്രക്ക് 35 രൂപയിൽ ഒതുങ്ങുമായിരുന്നു. മുൻപ് എറണാകുളം ജങ്ഷനിൽ നിന്ന് ആരംഭിച്ചിരുന്ന എറണാകുളം - കോട്ടയം പാസഞ്ചർ പിന്നീട് നിലമ്പൂർ - കോട്ടയമാക്കി മാറ്റുകയായിരുന്നു.
വാണിജ്യമേഖലയിൽ വൻപ്രതിസന്ധി നേരിടുമ്പോൾ സർക്കാർ ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ ശ്രമിക്കുന്നതിന് പകരം പിടിച്ചുപറി നടത്തുകയാണെന്ന് ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.