നിലമ്പൂർ ഏറ്റുമുട്ടൽ: പൊലീസ് നടപടി ധിക്കാരമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: നിലമ്പൂർ പൊലീസ് വെടിവെപ്പിൽ മാവോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന െപാലീസ് മേധാവിക്കുവേണ്ടി സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ സമർപ്പിച്ച റിപ്പോർട്ട് സൂപ്രീംകോടതി നിർദേശങ്ങളെ ധിക്കരിക്കുന്നതാണെന്ന് കമീഷൻ. പൊലീസ് കമീഷനെ അവഹേളിക്കുകയാണ്.
തങ്ങളുടെ അധികാരപരിധിയിലെ ഏറ്റുമുട്ടലുകളെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവിമാർ എല്ലാ വർഷവും ദേശീയ മനുഷ്യാവകാശ കമീഷന് സമർപ്പിക്കേണ്ട അർധവാർഷിക റിപ്പോർട്ട് കേരളം സമർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ നിരീക്ഷിച്ചു.
റിപ്പോർട്ട് അയച്ചിട്ടുണ്ടെങ്കിൽ, 2017 ജനുവരിയിൽ നൽകിയതിെൻറ പകർപ്പ് ഹാജരാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ഏറ്റുമുട്ടൽ മരണങ്ങളിൽ ദേശീയ മനുഷ്യാവകാശ കമീഷെൻറ മാർഗനിർേദശങ്ങൾ പാലിക്കണമെന്ന് സുപ്രീംകോടതി 2014-ൽ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ മലപ്പുറം ജില്ല പൊലീസ് മേധാവി ഹാജരാക്കിയ റിപ്പോർട്ടിൽ, ദേശീയ കമീഷെൻറ നിർദേശങ്ങൾ അനുസരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ബാധകമല്ലെന്നാണ് മറുപടി നൽകിയത്. ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടിട്ടും നടപടിയായില്ല. ഏറ്റുമുട്ടൽ ദൗത്യത്തിൽ പങ്കാളികളായിരുന്നവരുടെ പദവിയും ചുമതലകളും അറിയിക്കുന്ന കാര്യത്തിലും വീഴ്ചവരുത്തി.
സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് അപൂർണമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, മരിച്ച സ്ത്രീയുടെ ശരീരത്തിൽ 29 മുറിവുകൾ ഉണ്ടെന്നാണ് പറയുന്നത്. ഏറ്റുമുട്ടൽ അനിവാര്യമായിരുന്നോയെന്ന് പരിശോധിക്കേണ്ടത് കമീഷെൻറ ചുമതലയാണെന്നും കമീഷൻ നിരീക്ഷിച്ചു.
നിലമ്പൂർ വെടിവെപ്പുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകൻ പി.കെ. രാജു സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കമീഷൻ പൊലീസിനെതിരായ നിരീക്ഷണങ്ങൾ നടത്തിയത്. കേസ് ജൂൺ 23ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.