നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ സർവേക്ക് കർണാടക സഹകരിക്കും; മുഖ്യമന്ത്രി
text_fieldsബംഗളൂരു: നിലമ്പൂർ-നഞ്ചൻകോട് പാതയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തി. വനത്തിലൂടെയുള്ള സർവേ നടപടികൾക്ക് കർണാടക എതിരല്ലെന്നും പാതയുമായി സഹകരിക്കുമെന്നും സിദ്ധരാമയ്യ ഉറപ്പുനൽകിയതായി രമേശ് ചെന്നിത്തല പറഞ്ഞു. വെള്ളിയാഴ്ച ബംഗളൂരു കെ.പി.സി.സി ആസ്ഥാനത്ത് കർണാടക മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകൾക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് കർണാടക മുഖ്യമന്ത്രി ചർച്ച നടത്തും. കാര്യങ്ങൾ പഠിച്ചതിനുശേഷം ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരനുമായും ചർച്ച നടത്തും. തുടർന്ന് ഇരുസംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാമെന്ന് സിദ്ധരാമയ്യ ഉറപ്പുനൽകിയതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.
കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ, എം.ഐ. ഷാനവാസ് എം.പി, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ആര്യാടൻ ഷൗക്കത്ത്, നൗഷാദലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കർണാടകയുടെ ചുമതലവഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.