ഉപ്പുവെള്ളത്തിൽ മുങ്ങി നീലേശ്വരം തീരദേശ മേഖല; നിരവധി കുടുംബങ്ങൾ ദുരിതത്തിൽ
text_fieldsനീലേശ്വരം: നീലേശ്വരം നഗരസഭ പരിധിയിലെ തീരദേശ മേഖല ഉപ്പുവെള്ളം കയറി മുങ്ങി. നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. നഗരസഭ പടിഞ്ഞാറൻ തീരദേശ മേഖലകളിലാണ് വീടിനു മുന്നിൽ ഉപ്പുവെള്ളം കയറി കെട്ടിക്കിടക്കുന്നത്. പുറത്തെ കൈ, കടിഞ്ഞിമൂല, അഴിഞ്ഞല, ഓർച്ച, അനച്ചാൽ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണിമൂലം വീടൊഴിയാൻ കാത്തിരിക്കുന്നത്.
കടിഞ്ഞിമൂല, പുറത്തെ കൈ പ്രദേശങ്ങളിലെ നിരവധി കവുങ്ങുകളും വാഴകളും ഉപ്പ് വെള്ളം കയറി കരിഞ്ഞുണങ്ങി. പുഴ കരകവിഞ്ഞൊഴുകി വീടിന് ചുറ്റും ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുടുംബങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇതുമൂലം കൃഷി ചെയ്യുവാനോ വീടിെൻറ നിർമാണ പ്രവർത്തനങ്ങൾ നടത്താനോ പറ്റാത്ത അവസ്ഥയാണ്. പ്രായമായവരും അസുഖം ബാധിച്ച് കിടപ്പിലായവരുമാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്.
പാലായി ഷട്ടർ കം ബ്രിഡ്ജ് നിർമാണത്തിനായി തേജസ്വനി പുഴ ബണ്ട് കെട്ടി തടഞ്ഞുനിർത്തിയതാണ് ഉപ്പുവെള്ളം കയറാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇനി അണക്കെട്ട് പാലം ഉദ്ഘാടനത്തിനു ശേഷം ഷട്ടർ അടച്ചാൽ ഈ ദുരിതം വീണ്ടും അനുഭവിക്കേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നു. അതുകൊണ്ട് നിലവിലുള്ള പുഴയോര കരഭിത്തിയിൽ നിന്ന് രണ്ട് മീറ്റർ ഉയരത്തിൽ കരിങ്കൽ ഭിത്തി കെട്ടിയാൽ മാത്രമേ ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിയുകയുള്ളൂവെന്നാണ് പുറത്തെ കൈ വാർഡ് കൗൺസിലർ എം. ഭരതൻ പറയുന്നത്. ഉപ്പുവെള്ളം കയറിയ പുറത്തെ കൈ ഭാഗങ്ങൾ രാജ്മോഹൻ എം.പി സന്ദർശിച്ചു. നീലേശ്വരം നഗരസഭയിലെ ഏക ദ്വീപ് പ്രദേശമായ മുണ്ടേമാട്ടിലും ഉപ്പ് വെള്ളം കയറി ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ദ്വീപിെൻറ പടിഞ്ഞാറ് ഭാഗങ്ങളിലും വടക്ക് ഭാഗങ്ങളിലും താമസിക്കുന്ന കുടുംബങ്ങളാണ് രൂക്ഷമായ വേലിയേറ്റത്തിൽ വീടിന് സമീപത്തേക്ക് വെള്ളം കയറി ദുരിതം നേരിടുന്നത്. ഇപ്പോൾ വേലിയേറ്റം മൂലം ഉപ്പുവെള്ളം കര കവിഞ്ഞ് ഒഴുകുകയാണ്.
ഉപ്പുവെള്ളം കെട്ടിക്കിടന്ന് വീടുകളിലെ കിണറുകളിലെ വെള്ളവും വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. രാത്രി പ്രതീക്ഷിക്കാതെ കയറുന്ന വെള്ളമായതു കൊണ്ട് വീടിെൻറ പുറത്തുവെക്കുന്ന പാത്രങ്ങളും മറ്റും ഒഴുകിപ്പോകുകയാണ്.
വീടിെൻറ തറയുടെ ഭാഗങ്ങളിലുള്ള കല്ലുകളും ദ്രവിച്ചുപോകുന്ന സ്ഥിതിയിലാണ്. ഈ ഭാഗങ്ങളിൽ കരിങ്കൽ ഭിത്തി കെട്ടി ഉയർത്തുക മാത്രമാണ് ഇവിടെ ഉള്ള കുടുംബങ്ങളെ സംരക്ഷിക്കാൻ ഏക പോംവഴി.
ഇവിടെ ഒരു ദ്വീപ് എന്നുള്ള പരിഗണന അധികാരികൾ കണ്ടുകൊണ്ട് ഇവിടത്തെ കുടുംബങ്ങളെയും നാടിനെയും സംരക്ഷിക്കാൻ മുന്നോട്ടുവരണമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.