നീലേശ്വരം വെടിക്കെട്ടപകടം; പൊള്ളലേറ്റവർക്ക് ആറുമാസ തുടർചികിത്സ നിർദേശിച്ച് എ.ഡി.എം റിപ്പോർട്ട്
text_fieldsകാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവർക്ക് ആറുമാസകാലം തുടർചികിത്സ നിർദേശിച്ച് എ.ഡി.എം റിപ്പോർട്ട്.
പരിക്കേറ്റവർ ആശുപത്രിവിട്ടാലും സർക്കാർ സഹായം ആറുമാസക്കാലമുണ്ടാകണമെന്നാണ് നിർദേശം. ഇതിനാവശ്യമായ പണവും സംവിധാനവും ഭാവിയിൽ വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനാവശ്യമായ നിർദേശങ്ങളും അടങ്ങിയതാണ് റിപ്പോർട്ട്. വെടിമരുന്ന് സ്ഫോടനത്തിലുണ്ടാകുന്ന പരിക്ക് സാധാരണ പൊള്ളലിൽനിന്ന് വ്യത്യസ്തമാണ്. പൂർണമായി ഭേദമാകണമെങ്കിൽ തുടർചികിത്സ കൂടിയേതീരൂ. എല്ലാവർക്കും സർക്കാർ സൗജന്യ ചികിത്സ പ്രഖ്യാപിച്ചെങ്കിലും അത് ആശുപത്രി വിടുംവരെയാണ് കീഴ്വഴക്കം. വെടിമരുന്ന് സ്ഫോടനത്തിലുണ്ടാകുന്ന പൊള്ളൽ രൂപമാറ്റം വരാവുന്നതാണ്.
അതിനാൽ ആശുപത്രി വിട്ടാലും തുടർചികിത്സക്കുള്ള ആറുമാസ കാലയളവുകൂടി സഹായം ആവശ്യമാണെന്നാണ് എ.ഡി.എം പി. അഖിൽ സർക്കാറിന് സമർപ്പിക്കുന്ന റിപ്പോർട്ടിലുള്ളത്. ഇതിനാവശ്യമായ ചെലവും ചൂണ്ടിക്കാണിക്കും. ഒരുകോടിയോളം രൂപയുടെ ചികിത്സയാണ് ഈയിനത്തിൽ പ്രതീക്ഷിക്കുന്നത്. എ.ഡി.എം റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കും. സ്ഫോടനത്തിൽ ആറുപേരാണ് മരിച്ചത്. ഇവരിൽ ഒരാൾക്ക് ഒഴികെ അഞ്ചുപേർക്ക് മന്ത്രിസഭ പ്രഖ്യാപിച്ച നഷ്ടപരിഹാരമായ നാലുലക്ഷം രൂപ നൽകിയിട്ടുണ്ട്. 32 പേർ ചികിത്സയിലാണ്. 154 പേർക്കാണ് പരിക്കേറ്റത്. എക്സ് പ്ലോസിവ് ആക്ട് പ്രകാരം മൂന്നു കുറ്റകൃത്യങ്ങളാണ് നടന്നത്. ലൈസൻസ് വാങ്ങിയില്ല, പടക്കം സുക്ഷിക്കുന്നതിനുള്ള സുരക്ഷാ ക്രമീകരണം പാലിച്ചില്ല, സ്ഫോടനത്തിനാവശ്യമായ മുൻകരുതൽ എടുത്തിട്ടില്ല എന്നിവയാണവ. ഉത്സവ കാലമായിട്ടും ഒരു ലൈസൻസ് അപേക്ഷപോലും എ.ഡി.എമ്മിന് മുന്നിലില്ല.
നിലവിലെ സ്ഫോടകവസ്തു നിയമംതന്നെ അപകടം നിയന്ത്രിക്കാൻ പര്യാപ്തമാണെന്ന് എ.ഡി.എം പ്രതികരിച്ചു. അഞ്ചുപേരുടെ മരണം കൊലപാതകമായാണ് കണക്കാക്കിയിട്ടുള്ളത്. പ്രതികൾ ജാമ്യത്തിലാണ്. ഒക്ടോബർ 28ന് രാത്രി 12ഓടെയാണ് അപകടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.