നിമിഷയുടെ അമ്മ ദേശീയ വനിതാ കമീഷന് പരാതി നൽകി
text_fieldsതിരുവനന്തപുരം: മതം മാറി അഫ്ഗാനിസ്താനിലേക്ക് പോയ നിമിഷ (ഫാത്തിമ)യുടെ അമ്മ ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ തൈക്കാട് ഗസ്റ്റ്ഹൗസിലാണ് കമീഷൻ അധ്യക്ഷയെ നേരിൽ കണ്ടു ബിന്ദു സമ്പത്ത് പരാതി നൽകിയത്.
മകളെ കാണാതായ സംഭവം കമീഷൻ അധ്യക്ഷക്ക് നൽകിയ പരാതി വിശദീകരിക്കുന്നുണ്ട്. മകളെ കുറിച്ച് യാതൊരു അറിവുമില്ലെന്നും കണ്ടെത്താനുള്ള അന്വേഷണം ഫലപ്രദമല്ലെന്നും പരാതിയിൽ പറയുന്നുണ്ട്. മകളെ കണ്ടെത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിന്ദു ആവശ്യപ്പെടുന്നു.
മകളെയും മരുമകനെയും കുഞ്ഞിനെയും തിരിച്ചു കിട്ടുമെന്ന് വിശ്വാസമുണ്ടെന്ന് ബിന്ദു കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഒരു വർഷവും അഞ്ച് മാസവും കഴിഞ്ഞിട്ടും മകളെ കുറിച്ച് യാതൊരു വിവരവുമില്ല. സംഭവത്തിന്‍റെ തുടക്കത്തിൽ തന്നോടൊപ്പം നിന്നവർ ഇപ്പോഴില്ലെന്നും ബിന്ദു വ്യക്തമാക്കി.
മകളും കുഞ്ഞും െഎ.എസ് തീവ്രവാദികളുടെ തടവിലാണെന്നും മോചിപ്പിച്ച് ഇന്ത്യയിൽ തിരികെ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ബിന്ദു നേരത്തെ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഹരജിക്കാരിയുടെ മകൾ നിമിഷ (ഫാത്തിമ), ഭർത്താവ് പാലക്കാട് യാക്കര സ്വദേശി ബെക്‌സൺ (ഇസ) ഇവരുടെ 10 മാസം പ്രായമായ കുഞ്ഞ് ഉമ്മുഖുൽസു എന്നിവർ അഫ്ഗാനിൽ െഎ.എസ് തീവ്രവാദികളുടെ തടവിലാണ്.
ബെക്‌സണുമായുള്ള വിവാഹ ശേഷമാണ് നിമിഷ മതം മാറിയത്. പിന്നീട് ഇരുവരും രാജ്യം വിട്ടു. ഇപ്പോൾ അഫ്ഗാനിസ്താനിലുള്ള നിമിഷയെ തീവ്രവാദികൾ മനുഷ്യബോംബായി ഉപയോഗിക്കുമോയെന്ന് ആശങ്കയുണ്ടെന്നും ഇവരെ രക്ഷിക്കണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.