അന്തിമവിധി പോസിറ്റീവ് ആയിരിക്കും -നിമിഷയുടെ മാതാവ്
text_fieldsതിരുവനന്തപുരം: തന്റെ ഹരജിയിൽ സുപ്രീംകോടതിയുടെ അന്തിമവിധി പോസിറ്റീവ് ആയിരിക്കുമെന്ന് തിരുവനന്തപുരം സ്വദേശി നിമിഷയെന്ന ഫാത്തിമയുടെ മാതാവ് ബിന്ദു. തന്റെ കേസ് പരിഗണിച്ചതിൽ സന്തോഷമുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
അന്യ മതത്തിൽപ്പെട്ട ആളെ വിവാഹം കഴിക്കുന്നതിനെ താൻ എതിർക്കുന്നില്ല. എന്നാൽ, വിവാഹം കഴിക്കുന്നവന് മാതാപിക്കളും സ്വന്തമായ ഐഡന്റിറ്റിയും ഉണ്ടായിരിക്കണം. ഇന്നലെ കണ്ട ഒരാളെ ഇന്ന് വിവാഹം കഴിക്കുന്നതിനെ പ്രേമമെന്ന് പറയാനാവില്ല.
മാതാപിതാക്കൾക്കൊപ്പം വന്ന് പെണ്ണ് ചോദിച്ചാൽ ഏതൊരാളും മകളെ വിവാഹം കഴിച്ചു നൽകാൻ തയാറാകും. അല്ലാതെ പ്രേമിക്കുകയും വിവാഹം കഴിക്കുകയും നാടുകടത്തുകയും ചെയ്യുന്നതിനെ ഭയപ്പാടിലൂടെയാണ് കാണുന്നതെന്നും ബിന്ദു പറഞ്ഞു.
കേരളത്തിലെ നിർബന്ധിത മതപരിവർത്തനങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദു ഹരജി നൽകിയത്. മതംമാറിയ ശേഷം നിമിഷ അഫ്ഗാനിസ്ഥാനിലേക്ക് കടെന്നന്നാണ് മണക്കാട് സ്വദേശിനിയായ ബിന്ദു പറയുന്നത്. നിമിഷയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കിയതാണെന്നും കേസ് എൻ.ഐ.എ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.
കേരളത്തിലെ മതപരിവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും മതം മാറിയവർ രാജ്യം വിട്ടതിനെ കുറിച്ച് എൻ.ഐ.എ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), ഐ.ബി എന്നീ ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.