നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ വേണം നാടിന്റെ കൈത്താങ്ങ്
text_fieldsപാലക്കാട്: യമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനുള്ളിൽ നടപ്പായേക്കാമെന്ന സൂചന വന്നതോടെ ധനസമാഹരണ യജ്ഞവുമായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. ഏകദേശം മൂന്നു കോടി രൂപ സമാഹരിക്കാൻ ‘ദിയാധന സ്വരൂപണ’ കാമ്പയിൻ തുടങ്ങിയതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2014ൽ യമനിലെ സൻആയിൽ ഒരു യമനി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് ഇടപെടൽ ശക്തമാക്കാനും മോചനം ഉറപ്പാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകളെ ബന്ധപ്പെട്ട് നിവേദനം നൽകിയിരുന്നതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. തുടർന്ന് യമനിന് പുറത്ത് ജിബൂതിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസി, യമൻ പൗരനായ അഭിഭാഷകനെ നിയമസഹായത്തിന് ചുമതലപ്പെടുത്തി. എന്നാൽ, ഇരുവരുടെയും സേവനം തുടങ്ങുമ്പോഴേക്കും നിമിഷയുടെ അപ്പീൽ സുപ്രീംകോടതി തള്ളി.
ഈ സാഹചര്യത്തിൽ നിമിഷക്കുവേണ്ടി കൂടിയാലോചന നടത്താൻ തയാറുള്ള മധ്യസ്ഥരെ കണ്ടെത്താനും മറ്റു സഹായങ്ങൾ ചെയ്യാനും എംബസി നിയമിച്ച അഭിഭാഷകൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഇതിനുള്ള ചെലവ് ഏകദേശം 40,000 ഡോളർ -33,37,220 രൂപയാണ്. ഇതിനു പുറമെ ദിയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ തയാറായാൽ അതിനുള്ള പണവും കൈവശമുണ്ടെന്ന് മാധ്യസ്ഥ്യം വഹിക്കുന്ന പ്രമുഖർക്ക് ബോധ്യപ്പെടണം. അതിനാലാണ് തുക സമാഹരണ കാമ്പയിൻ തുടങ്ങുന്നത്. 500 രൂപ വീതം അറുപതിനായിരം പേർ സഹായിക്കാൻ തയാറായാൽ തുക സമാഹരിക്കാം. സമാഹരണം ഉടൻ പൂർത്തിയാക്കിയാൽ മാത്രമേ നിമിഷപ്രിയയെ രക്ഷിക്കാനുള്ള കൂടിയാലോചന ആരംഭിക്കാനാകൂവെന്ന് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ കെ. ജയചന്ദ്രൻ, രക്ഷാധികാരികളായ കെ. ബാബു എം.എൽ.എ, എ.കെ. മൂസ മാസ്റ്റർ, ട്രഷറർ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് എന്നിവർ അറിയിച്ചു. ACCOUNT NAME- SAVE NIMISHAPRIYA INTERNATIONAL ACTION COUNCIL, Current Ac No: 00000040847370877. IFSC Code: SBIN0000893, SBI-PALAKKAD. ഫോൺ നമ്പർ: ട്രഷറർ- 95261 94545.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.