വധശിക്ഷയിൽനിന്ന് നിമിഷപ്രിയയെ രക്ഷിക്കാൻ പാണക്കാട്ടെ സഹായം തേടി കുടുംബം
text_fieldsമലപ്പുറം: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിന് സഹായമഭ്യർഥിച്ച് കുടുംബം പാണക്കാട്ടെത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ മാതാവ് പ്രേമകുമാരിയും മകള്‍ മിഷേലുമാണ് സാദിഖലി ശിഹാബ് തങ്ങളെയും മുനവ്വറലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എയെയും കണ്ടത്.
മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകി നിമിഷയുടെ മോചനം സാധ്യമാക്കാനുള്ള ശ്രമങ്ങൾ സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇതിന് ഭീമമായ തുക വേണമെന്നാണ് പ്രാഥമിക വിവരം. കുടുംബത്തിനോ ആക്ഷന്‍ കമ്മിറ്റിക്കോ വൻ തുക സമാഹരിക്കുക അസാധ്യമാണ്. ഇതിന് പാണക്കാട് കുടുംബത്തിന്‍റെയും ലീഗിന്‍റെയും സഹായം ലഭ്യമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നിമിഷ ജയിലിലായതോടെ കേസിനും മറ്റുമായി വീടുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വില്‍ക്കേണ്ടിവന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള നിയമ സഹായങ്ങള്‍ക്ക് കൂടെ നില്‍ക്കണമെന്നും നിവേദനത്തില്‍ പറയുന്നു. ശിക്ഷ കാത്ത് കിടക്കുന്ന മകളെ നാട്ടിലെത്തിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികള്‍ വേണമെന്ന് മാതാവ് പ്രേമകുമാരി അഭ്യർഥിച്ചു. സഹായങ്ങള്‍ ചെയ്യാമെന്നും വിഷയത്തില്‍ എംബസിയുമായും സര്‍ക്കാറുമായും സംസാരിക്കാമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.