പേവിഷബാധ മരണങ്ങൾ പരിശോധിക്കുന്ന വിദഗ്ധസമിതിക്ക് മുന്നിൽ ഒമ്പത് പരിഗണന വിഷയങ്ങൾ
text_fieldsതിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്സിനിൽ പാളിച്ചയുണ്ടോ എന്ന് പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ മുന്നിലുള്ളത് ഒമ്പത് പരിഗണന വിഷയങ്ങൾ. പേവിഷബാധമൂലമുള്ള മരണങ്ങൾ വലിയ ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ചെയർമാനായ വിദഗ്ധസമിതിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
വാക്സിനും ഇമ്യൂണോഗ്ലോബുലിനും സ്വീകരിച്ച ആളുകൾക്ക് എങ്ങനെ മരണം സംഭവിച്ചെന്നതാണ് പരിഗണന വിഷയങ്ങളിൽ പ്രധാനപ്പെട്ടത്. വാക്സിൻ നൽകുന്നതിലൂടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ആന്റിബോഡിയുടെ പ്രവർത്തനശേഷി, മരണം ഒഴിവാക്കാൻ എന്തൊക്കെ ഇടപെടൽ സാധ്യമായിരുന്നു, വാക്സിൻ നൽകുന്നവരുടെ അറിവും പ്രായോഗിക പരിജ്ഞാനവും, ഇനി പരിശീലനം ആവശ്യമുണ്ടോ, നിലവിലെ വാക്സിൻ നയത്തിൽ ആപാകതകളുണ്ടോ, പരിഷ്കാരങ്ങൾ വേണ്ടതുണ്ടോ, പേവിഷ ബാധക്കെതിരായ വാക്സിൻ നൽകുന്നതിനും മരുന്നുകൾ സൂക്ഷിക്കുന്നതിനുമുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, അടുത്ത വർഷത്തിനകം സംസ്ഥാനത്തെ പേവിഷബാധമൂലമുള്ള മരണങ്ങളിൽനിന്ന് മുക്തമാക്കാനുള്ള പ്രയോഗിക നടപടികൾ തുടങ്ങിയവയാണ് പരിഗണന വിഷയങ്ങൾ.
അതേസമയം, വാക്സിന്റെ ഗുണനിലവാരമടക്കം ഒരു മാസത്തിനകം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാകുമോ എന്നതിൽ അവ്യക്തതയുണ്ട്. വിവിധതലങ്ങളിലെ പരിശോധനയാണ് ഇതിന് വേണ്ടത്. ഒപ്പം വാക്സിനെടുത്തവർ മരണപ്പെടാനിടയായ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് വിവിധ ഘടകങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
ഇതിനിടെ വാക്സിന് ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് മന്ത്രി വീണ ജോര്‍ജ് കത്തയച്ചു. വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയാണ്. ഇവിടെ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്സിനും സിറവുമാണ് മരിച്ച അഞ്ചുപേര്‍ക്കും നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.