ഓപൺ സർവകലാശാലക്ക് ഒമ്പത് കോഴ്സുകൾ കൂടി; വിദൂര വിദ്യാഭ്യാസത്തിൽ വീണ്ടും അനിശ്ചിതത്വം
text_fieldsപാലക്കാട്: ബിരുദ-ബിരുദാനന്തര തലങ്ങളിലെ ഒമ്പത് കോഴ്സുകളിൽ കൂടി പ്രവേശനം നടത്താൻ ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലക്ക് യു.ജി.സി അംഗീകാരം ലഭിച്ചതോടെ വിദൂരവിദ്യാഭ്യാസ വിഭാഗം വഴിയുള്ള മറ്റ് സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പഠനം വീണ്ടും അനിശ്ചിതത്വത്തിൽ. ഓപൺ സർവകലാശാലക്ക് യു.ജി.സി അംഗീകാരം ലഭിച്ച കോഴ്സുകൾ സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന കോഴ്സുകളാണ്. ഓപൺ സർവകാലശാലക്ക് യു.ജി.സി അംഗീകാരം ലഭിച്ച കോഴ്സുകളിലേക്ക് മറ്റ് സർവകലാശാലകൾ വിദ്യാർഥി പ്രവേശനം നടത്തരുതെന്ന നിബന്ധന സർക്കാർ തുടരുന്നത് മറ്റ് സർവകലാശാലകളുടെ വിദൂരപഠന കോഴ്സുകൾക്ക് വിലങ്ങുതടിയാകും. ഓപൺ സർവകലാശാല വഴി മാത്രമേ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താവൂവെന്ന സർക്കാർ നിലപാട് കാലിക്കറ്റുൾപ്പെടെ പ്രവേശന നടപടികൾ ആരംഭിച്ച വിവിധ സർവകലാശാലകളെയും നൂറുകണക്കിന് വിദ്യാർഥികളെയും ആശങ്കയിലാക്കുകയാണ്.
നിലവിലെ 13 കോഴ്സുകൾക്കുപുറമേ ഒമ്പത് കോഴ്സുകൾക്ക് കൂടി യു.ജി.സി അംഗീകാരം ലഭിച്ചതായി ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മുബാറക് പാഷ വ്യാഴാഴ്ചയാണ് വാർത്തസമ്മേളനത്തിൽ അറിയിച്ചത്. അഫ്സൽ ഉൽ ഉലമ പ്രിലിമിനറി അടക്കം ഇതോടെ 23 കോഴ്സുകളിൽ ഓപൺ യൂനിവേഴ്സിറ്റിയിൽ മാത്രമാകും പഠനമെന്നാണ് പറഞ്ഞത്. എന്നാൽ, ഓപൺ സർവകലാശാലക്ക് പുതുതായി യു.ജി.സി അംഗീകാരം ലഭിച്ചവയുൾപ്പെടെ നാല് ബിരുദ കോഴ്സുകൾ, എട്ട് ബിരുദാനന്തരബിരുദ കോഴ്സുകൾ എന്നിങ്ങനെ 12 കോഴ്സുകളിലേക്ക് കാലിക്കറ്റ് പ്രവേശന നടപടി ആരംഭിച്ചുകഴിഞ്ഞു.
ഈ വർഷം ജൂൺ 30നകം പ്രവേശന നടപടികൾ ആരംഭിക്കണമെന്ന യു.ജി.സി ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെ നിർദേശം പാലിച്ചാണ് കാലിക്കറ്റ് ജൂൺ എട്ടിന് വിദൂര വിദ്യാഭ്യാസ വിഭാഗം വഴി പ്രവേശനമാരംഭിച്ചത്. 25 കോഴ്സുകൾക്ക് യു.ജി.സി അംഗീകാരം ലഭ്യമായിട്ടുണ്ടെങ്കിലും ഓപൺ സർവകലാശാലക്ക് അംഗീകാരമുള്ള കോഴ്സുകൾ ഒഴിവാക്കി 12 കോഴ്സുകളിലേക്ക് മാത്രമായാണ് കാലിക്കറ്റ് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയത്.
മലബാറിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസാവശ്യങ്ങൾ പരിഗണിച്ചാണ് കാലിക്കറ്റ് സിൻഡിക്കേറ്റ് ഈ വർഷം വിദൂര വിദ്യാഭ്യാസം വഴിയുള്ള പ്രവേശനം നടത്താൻ നിർദേശിച്ചത്. എന്നാൽ, ഇതനുസരിച്ച് പ്രവേശനം നേടിയവർ വഴിയാധാരമാകുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.