ഒമ്പത് വയസ്സുകാരൻ ഇഷാന്റെ കൈപിടിച്ച് കുഞ്ഞു ഫർസീൻ നേടിയത് ജീവശ്വാസം
text_fieldsകോട്ടക്കൽ: ഇഷാന്റെ കുഞ്ഞിക്കൈ മുറുകെപ്പിടിച്ച് പാടത്തെ വെള്ളം നിറഞ്ഞ കുഴിയിൽനിന്ന് ഫർസീൻ തിരികെ കയറിയത് ജീവിതത്തിലേക്ക്. ഒതുക്കുങ്ങൽ മറ്റത്തൂരിലെ കാവുങ്ങൽ സുബൈർ-സജ്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഇഷാനാണ് (ഒമ്പത്) മറ്റത്തൂർ പാടത്തെ വെള്ളം നിറഞ്ഞ കുഴിയിലകപ്പെട്ട കടമ്പോട്ട് ഇബ്രാഹിമിന്റെയും ബുഷ്റയുടെയും മകൻ ഫർസീൻ മുഹമ്മദിന്റെ (എട്ട്) രക്ഷകനായത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവം കുടുംബമറിയുന്നത് കഴിഞ്ഞ ദിവസമാണ്.
ഫർസീനിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇഷാനും സുഹൃത്ത് മിദ്ലാജും. ശേഷം ഇരുവരും പാടത്തേക്ക് പോയി. നേരേത്ത സ്ഥലത്തിനെപ്പറ്റി പരിചയമുള്ളതിനാൽ ഇവർ പാടത്തേക്കിറങ്ങി. പിന്നാലെയെത്തിയ ഫർസീൻ കുഴിയിൽ വീഴുകയായിരുന്നു. ഫർസീൻ പറ്റിക്കുകയാണെന്നാണ് കരയിൽ നിന്ന കുട്ടികൾ ആദ്യം വിചാരിച്ചത്. എന്നാൽ, കൈകളിട്ടടിച്ച് ഫർസീൻ മുങ്ങിത്താഴ്ന്നതോടെ അപകടമാണെന്ന് മനസ്സിലായി. ഇതോടെ ഇഷാൻ രക്ഷാപ്രവർത്തനമാരംഭിച്ചു. ശ്രമങ്ങൾ ഒന്നും വിജയിച്ചില്ല.
മൂന്നുപേർക്കും നീന്തൽ അറിയാത്തതും തിരിച്ചടിയായി. ഇതിനിടെ സമീപത്ത് പശുവിനെ കെട്ടുന്ന കമ്പിയിൽ പിടിച്ച് ഇഷാൻ ഫർസീനെ എത്തിപ്പിടിച്ചു. തുടർന്ന് കരക്കു കയറ്റുകയായിരുന്നു. വെള്ളം കുടിച്ചും വസ്ത്രങ്ങൾ നനഞ്ഞും അവശനിലയിലായിരുന്നു ഇവർ. ആരോടും പറയാതെ വീട്ടിലേക്ക് തിരിച്ചുപോവുകയും സംഭവം രഹസ്യമാക്കിവെക്കുകയും ചെയ്തു. പക്ഷേ അധികദിവസം പിടിച്ചുനിൽക്കാൻ ഫർസീന് കഴിഞ്ഞില്ല. ബന്ധുവായ മറ്റൊരു കുട്ടിയോട് സംഭവം പറഞ്ഞതോടെയാണ് വീട്ടുകാർ കാര്യം അറിയുന്നത്.
അപ്പോഴും രക്ഷകന്റെ വീട്ടുകാർ സംഭവമറിഞ്ഞിരുന്നില്ല. വെള്ളക്കെട്ടിൽനിന്ന് തന്റെ മകനെ രക്ഷിച്ചുവെന്ന് ദുബൈയിലുള്ള സുെബെറിന് ഫർസീന്റെ വിദേശത്തുള്ള പിതാവ് ഇബ്രാഹിം ശബ്ദസന്ദേശം അയച്ചതോടെയാണ് ഇവർ കാര്യം അറിയുന്നത്. മാതാവ് സജ്ന ചോദിച്ചതോടെയാണ് ഉമ്മയോടും സഹോദരങ്ങളായ ഫാത്തിമ ഷഹാന, ഫാത്തിമ സാനിയ എന്നിവരോടും പേടിപ്പെടുത്തുന്ന കഥ വള്ളിപുള്ളി വിടാതെ ഇഷാൻ പറഞ്ഞത്. പേടിച്ചിട്ടാണ് പറയാതിരുന്നതെന്നാണ് കുട്ടികൾ പറയുന്നത്. മറ്റത്തൂർ എ.എം.യു.പി സ്കൂൾ നാലാം തരം വിദ്യാർഥിയാണ് ഇഷാൻ. ഇതേ സ്കൂളിൽ മൂന്നിൽ പഠിക്കുകയാണ് ഫർസീൻ. വിവരമറിത്ത് സ്കൂൾ അധ്യാപകർ കുട്ടികളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.