പലതവണ വന്ന രോഗം; ജാഗ്രതയിലൂടെ അതിജീവിച്ചു
text_fieldsകോഴിക്കോട്: വീണ്ടും നിപ ഭീഷണി ഉയരുമ്പോൾ, മഹാമാരിയെ പലതവണ അതിജീവിച്ചവരാണ് നമ്മളെന്ന ബോധ്യത്തിലുള്ള അതിജാഗ്രതയും ചിട്ടയായ പ്രതിരോധവുമാണ് ആവശ്യം. നിപക്കെതിരെ വീണ്ടുമൊരു പോരാട്ടത്തിനൊരുങ്ങുന്ന ആരോഗ്യ വകുപ്പിന്റെയും കോഴിക്കോട്, മലപ്പുറം ജില്ല ഭരണകൂടങ്ങളുടെയും കൈമുതലും ആത്മവിശ്വാസവും ഇതുതന്നെയാണ്.
ആദ്യവരവിൽ തന്നെ വൈറസ് ബാധിച്ച കോഴിക്കോട്ടെ നഴ്സിങ് വിദ്യാർഥിനിയെയും മലപ്പുറത്തെ യുവാവിനെയും മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കൊടുവിൽ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നാണ് നമ്മൾ ചരിത്രപരമായ മുന്നേറ്റം ഈ രംഗത്തുണ്ടാക്കിയത്. മാത്രമല്ല രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും വരവിനെയടക്കം വിപുല സംവിധാനമൊരുക്കി വ്യാപനം തടഞ്ഞതും ഈ രംഗത്തെ പരിചയസമ്പത്തും കേരളത്തിന് മുതൽക്കൂട്ടാണ്. ഇതൊക്കെയാണെങ്കിലും തുടക്കത്തിലേ അതിജാഗ്രത പാലിച്ചാൽ മാത്രമേ, വീണ്ടുമെത്തിയ നിപയെ ഉറവിടത്തിൽതന്നെ ഉന്മൂലനം ചെയ്യാനാവൂ എന്നാണ് അധികൃതർ പറയുന്നത്.
2018 മേയിലാണ് സംസ്ഥാനത്താദ്യമായി പേരാമ്പ്രയിലെ സൂപ്പിക്കടയിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. കടുത്ത പനിയെ തുടർന്ന് ഒരാളെ പേരാമ്പ്ര ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇവിടങ്ങളിൽനിന്ന് രോഗം മറ്റുള്ളവരിലേക്ക് പകർന്നു. ഇരുപതോളം പേർക്ക് വൈറസ് ബാധയുണ്ടാവുകയും രണ്ടുപേർക്കൊഴികെ ജീവൻ നഷ്ടപ്പെടുകയുമുണ്ടായി. നഴ്സ് ലിനിയും മരിച്ചവരിൽപെടുന്നു. പിന്നീട് 2019ൽ എറണാകുളത്ത് രോഗം റിപ്പോർട്ട് ചെയ്തെങ്കിലും പെട്ടെന്ന് ശമനമുണ്ടായി. തുടർന്ന് 2021 സെപ്റ്റംബറിൽ കോഴിക്കോട് ചാത്തമംഗലത്ത് വൈറസ് ബാധയുണ്ടായി 12കാരൻ മരിച്ചു.
2023 ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി കുറ്റ്യാടിക്കടുത്ത് മരുതോങ്കര, ആയഞ്ചേരി എന്നിവിടങ്ങളിൽ രണ്ടുപേർ നിപ വന്ന് മരിച്ചു. എന്നാൽ, രോഗം ബാധിച്ച 12 കാരനെയുൾപ്പെടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്കായി. ആദ്യഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ നിപയെ പ്രതിരോധിക്കാനുള്ള ഒട്ടനവധി പഠനങ്ങൾ നടത്തിയെന്നതും കോഴിക്കോട് മെഡിക്കൽ കോളജിൽ വൈറോളജി ലാബ് ഉൾപ്പെടെ സംവിധാനങ്ങൾ ഒരുക്കിയെന്നതും നേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.