സമ്മർദത്തിലാക്കി അഞ്ചാംവരവ്
text_fieldsതിരുവനന്തപുരം: ആരോഗ്യസംവിധാനങ്ങളെ സമ്മർദത്തിലാക്കിയുള്ള നിപയുടെ അഞ്ചാം വരവ് നേരിടാൻ പഴുതടച്ച പ്രതിരോധവുമായി സംസ്ഥാനം. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളിൽ വവ്വാലുകളില്‍ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയെന്ന ഐ.സി.എം.ആർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിപ പ്രതിരോധത്തിന് കലണ്ടർ തയാറാക്കി മുന്നോട്ടുപോകുമ്പോഴാണ് വീണ്ടും രോഗസ്ഥിരീകരണം. കോവിഡ് പോലെ വ്യാപനത്തോതിൽ ‘മഹാമാരി’യല്ലെങ്കിലും ഉയർന്ന പ്രഹരശേഷിയാണ് നിപ ഉയർത്തുന്ന പ്രധാന വെല്ലുവിളി. 2023ൽ രോഗബാധിതരായ ആറുപേരിൽ നാലുപേരെ രക്ഷിക്കാനായി. രണ്ടുപേരുടെ മരണശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായ ഒമ്പതുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനായതും ഈ ഘട്ടത്തിലാണ്.
90 ശതമാനം വരെ മരണനിരക്കുള്ള വൈറസിന്റെ പ്രഹരശേഷി കഴിഞ്ഞവർഷം 33 ശതമാനത്തിൽ പിടിച്ചുനിർത്താനായതിന്റെ ആത്മവിശ്വാസവും ആരോഗ്യവകുപ്പിനുണ്ട്. കോഴിക്കോട്ട് അവസാനമുണ്ടായ നിപ ബാധയിൽ കണ്ടെത്തിയ വൈറസുകൾ 97 ശതമാനവും 2018ലും 2019ലും 2021ലുമുണ്ടായതിന് സമാനമാണെന്നാണ് ഐ.സി.എം.ആർ റിപ്പോർട്ട്. നിപ വൈറസിന് ജനിതകവകഭേദമുണ്ടായിട്ടില്ലെന്നാണ് ഇത് അടിവരയിടുന്നത്. ഇത് പ്രതിരോധ നീക്കങ്ങളെ തുണക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. 2018നെ അപേക്ഷിച്ച് രോഗവ്യാപന നിയന്ത്രണം ഫലപ്രദമാണെങ്കിലും രോഗബാധ ആവർത്തിക്കുന്നതിന്റെ കാരണം ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.