നിപ ബാധിച്ച 14കാരനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി; 214 പേര്‍ നിരീക്ഷണത്തിൽ
text_fieldsകോഴിക്കോട് /മലപ്പുറം: നിപ ബാധിച്ച 14കാരനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയാണ് കുട്ടി. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലം പോസിറ്റീവ് ആയതിന് പിന്നാലെയാണ് കുട്ടിയെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യുവിലേക്ക് മാറ്റിയത്. ഇതോടൊപ്പം നിരീക്ഷണത്തിലുള്ള കുട്ടിയുടെ മാതാപിതാക്കളെയും അടുത്ത ബന്ധുവിനെയും മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ പ്രത്യേക നിരീക്ഷണ വാര്‍ഡിലാണുള്ളത്. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതിനിടെ, സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണ്. ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കും. രോഗം ബാധിച്ച 14 കാരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തില്‍ ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിർദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
സമ്പർക്കത്തിലുള്ള ഒരാളും വിട്ടുപോകാതെ നിരീക്ഷണ പട്ടിക തയാറാക്കുകയാണ് ഇപ്പോൾ. ഇവർക്ക് കൗൺസലിങ് ഉൾപ്പെടെ എല്ലാവിധ പിന്തുണയും നൽകും. ആരോഗ്യ വകുപ്പ് ഡയറക്ടറും ഉടൻ ജില്ലയിലെത്തുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഞായറാഴ്ച രാവിലെ 9 ന് വീണ്ടും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.