ആശുപത്രിയിലുള്ളത് 32 പേർ, എട്ട് പേർക്ക് രോഗലക്ഷണം; ഫലം ഇന്ന് വൈകീട്ടോടെ
text_fieldsകോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 32 പേർ. ഇന്നലെ മരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്നവരാണ് ഇവർ. ഇവരിൽ കുട്ടിയുടെ മാതാവ് ഉൾപ്പെടെ എട്ട് പേർക്കാണ് രോഗലക്ഷണമുള്ളത്. ഏഴ് പേരുടെ സാമ്പിൾ പരിശോധന ഫലം പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്ന ഇന്ന് വൈകീട്ടോടെ ലഭ്യമാകുമെന്നാണ് ആരോഗ്യ വൃത്തങ്ങൾ നൽകുന്ന വിവരം.
കുട്ടിയുമായി ഇടപഴകിയ 251 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിൽ നിർത്തിയിട്ടുള്ളത്. കുട്ടിയുടെ ആഗസ്റ്റ് 27 മുതലുള്ള റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
അതിനിടെ, മരിച്ച 12കാരന്‍റെ വീട് സ്ഥിതിചെയ്യുന്ന കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പനി ബാധിതരുടെ കണക്കെടുക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിപക്ക് സമാനമായ ലക്ഷണങ്ങളോടെ ഒരു മാസത്തിനിടെ മരിച്ചവരുണ്ടോയെന്നും പരിശോധിക്കും. മേഖലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചാത്തമംഗലം പഞ്ചായത്തിൽ മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളെയും കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
നിപ ബാധയുടെ ഉറവിടം കണ്ടെത്താനായി മൃഗസംരക്ഷണ വകുപ്പ് പരിശോധന തുടങ്ങി. മരിച്ച കുട്ടിയുടെ വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകള്‍ പരിശോധിക്കും. ഇതിന്‍റെ ഭാഗമായി രണ്ട് മാസം മുമ്പ് അസുഖം വന്ന ആടിന്‍റെ രക്തവും സ്രവവും ശേഖരിക്കും.
വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നുമാണ് നിപ വൈറസ് ബാധ പകരുന്നത് എന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിച്ച മേഖലയിൽ കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. ഇവയുടെ സ്രവം ലഭിച്ചാൽ ഭോപ്പാലിലെ ലാബിലയച്ച് പരിശോധിക്കും.
കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുൻപ് വീട്ടിലെ ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിച്ചിരുന്നു. ഇത് രോഗത്തിന് കാരണമായോ എന്ന സംശയത്തെ തുടര്‍ന്നാണ് ആടിന്‍റെ സ്രവം പരിശോധനക്കെടുത്തത്. കാട്ടുപന്നിയെ പിടികൂടി പരിശോധിക്കാനായി വനംവകുപ്പിന്‍റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.