നിപ ബാധിച്ച് മരിച്ച 24കാരൻ നാലു സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി; തിരുവാലി പഞ്ചായത്തിൽ അതിജാഗ്രത
text_fieldsമലപ്പുറം: നിപ മരണം സ്ഥിരീകരിച്ചതോടെ തിരുവാലി പഞ്ചായത്തിലടക്കം അതിജാഗ്രത. നിപ ബാധിച്ച് മരിച്ച 24കാരൻ നാലു സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
മരിച്ച വിദ്യാർഥി സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തിലുള്ളവരെ ഐസൊലേഷനിലേക്ക് മാറ്റി. ഇതിൽ ലക്ഷണങ്ങളുള്ള അഞ്ചുപേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുമ്പാണ്. ചെമ്പ്രശ്ശേരിയിൽനിന്ന് പത്ത് കിലോമീറ്റർ അകലെയാണ് വീണ്ടും നിപ സ്ഥിരീകരിച്ചത്.
തിരുവാലി പഞ്ചായത്തിൽ നിപ സംശയിക്കുന്ന രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ പ്രത്യേകം നിരീക്ഷിക്കും. പഞ്ചായത്തിൽ മാസ്ക് ധരിക്കുന്നതും നിര്‍ബന്ധമാക്കി. വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബംഗളൂരുവിൽ വിദ്യാർഥിയുമായ 24കാരൻ കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. യുവാവിന്‍റെ സമ്പര്‍ക്കത്തിലുള്ള 151 പേരുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ 26 പേരായിരുന്നു സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്ട് ട്രേസിങ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.