സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയം -ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളത്. സമ്പർക്കപട്ടികയിലുള്ള ആർക്കും രോഗബാധയില്ല. കൂടുതൽ ആളുകൾ സമ്പർക്കപട്ടികയിലേക്ക് വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിരീക്ഷണത്തിൽ ഉള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ല. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. നിപ നിയന്ത്രണവിധേയമാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രനും പറഞ്ഞു. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്തിടപഴകിയവരുടെ സാമ്പിളുകൾ പൂണെ എൻ.ഐ.വിയിലും കോഴിക്കോട് മെഡിക്കൽ കോളജിലുമായി പരിശോധിച്ചിരുന്നു. ഈ പരിശോധനകളുടേയെല്ലാം ഫലം നെഗറ്റീവായിരുന്നു.
നിപ പ്രതിരോധത്തിനായി ഏകോപനത്തോടെയുള്ള ഇടപെടല്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതുവരെ ലഭ്യമായ സമ്പര്‍ക്കപ്പട്ടികയിലുള്ള പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസകരമാണ്.മറ്റ് ജില്ലകളിലുള്ളവര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളതിനാല്‍ ജില്ലകള്‍ നിപ സമ്പര്‍ക്കങ്ങളുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാംപിള്‍ ശേഖരിക്കും. റിസ്ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ കര്‍ശനമായ റൂം ഐസൊലേഷനിലാക്കും. 21 ദിവസം ഇവരെ നിരീക്ഷിക്കുകയും ആരോഗ്യ പ്രവര്‍ത്തകള്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.
സൈക്കോ സോഷ്യല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിംഗ് നല്‍കും. നിപ പ്രിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് സര്‍വയലന്‍സും ഫീവര്‍ സര്‍വയലന്‍സും നടത്തി വരുന്നു. ആശങ്ക അകറ്റുന്നതിനായി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചു. വവ്വാലുകളുടേയും വവ്വാല്‍ കടിച്ച പഴങ്ങളുടേയും ശേഖരിച്ച സാമ്പിളുകള്‍ ഭോപാല്‍ പരിശോധന കേന്ദ്രത്തിലേക്ക് അയക്കും. ചത്ത വവ്വാലുകളെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.