‘‘സാറേ, നമുക്ക് പോണ്ടേ...’’; മൈതാനത്തേക്ക് വിളിക്കാൻ അഷ്മിൽ ഇനി വരില്ല
text_fieldsമലപ്പുറം: ‘ഫുട്ബാൾ അക്കാദമിയിലേക്ക് ബൈക്കിൽ ഒപ്പം വരാൻ വീട്ടിൽ നിന്നിറങ്ങും മുമ്പ് അഷ്മിലിനൊരു ഫോൺ വിളിയുണ്ടായിരുന്നൂ, സാറേ, നമുക്ക് പോണ്ടേ’ എന്നാണ് ചോദിക്കുക’’ - ആ ഫോൺ കാൾ ഇനിയില്ലല്ലോ എന്ന് വിതുമ്പലോടെ പറയുന്നു പാണ്ടിക്കാട് ചെമ്പ്രശ്ശേരി സി.എഫ്.എ അക്കാദമി ട്രെയിനർ നാഫിഅ്. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ വൈറസിന് കീഴടങ്ങിയ അഷ്മിൽ ഡാനിഷിന്റെ സ്വപ്നങ്ങളിൽ മുഖ്യം ഒരു ഫുട്ബാളറാവുകയെന്നതായിരുന്നു.
ജന്മനാടായ ചെമ്പ്രശ്ശേരിയിലെ സി.എഫ്.എ അക്കാദമിയിൽനിന്ന് ഫുട്ബാളിന്റെ ബാലപാഠങ്ങൾ പഠിച്ച് അവൻ അക്കാദമിയുടെ അണ്ടർ 14 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനംവരെയെത്തി. ക്യാപ്റ്റനായി അവനുണ്ടെങ്കിൽ ഞങ്ങൾക്ക് ഒരു ധൈര്യമാണെന്നാണ് കൂടെയുള്ള സഹകളിക്കാരും പറയുന്നത്.
ഫുട്ബാളായിരുന്നു അവന്റെ സിരകളിലെ ഊർജമെന്ന് സ്കൂളിലെ കായികാധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. പഠിച്ചിരുന്ന പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബാൾ ക്യാമ്പ് ആരംഭിക്കാനിരിക്കെയാണ് കണ്ണീരിലാഴ്ത്തിയ ദുഃഖവാർത്തയെത്തുന്നത്. കഴിഞ്ഞ വർഷത്തെ ക്യാമ്പുകളിലെല്ലാം മുടങ്ങാതെ പങ്കെടുത്ത അഷ്മിൽ ഇത്തവണത്തെ സ്കൂൾ സബ് ജൂനിയർ ടീമിന്റെ പ്രതീക്ഷയായിരുന്നു. മുന്നേറ്റ നിരയിൽ തിളങ്ങാനുള്ള കഴിവും ഫിറ്റ്നസും അവനുണ്ടെന്ന് കായികാധ്യാപകൻ സുധീറും പറഞ്ഞുവെക്കുന്നു.
മുമ്പ് പഠിച്ച എ.യു.പി ചെമ്പ്രശ്ശേരി സ്കൂളിനു വേണ്ടിയും ബൂട്ടണിഞ്ഞ അഷ്മിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മഞ്ചേരി ഉപജില്ല ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ സ്കൂൾ ചാമ്പ്യന്മാരായത് അവന്റെ കൂടി പ്രയത്നത്താലാണ്. നിപ മഹാമാരിയോട് പൊരുതിത്തോറ്റ് ഒടുക്കം ജീവിതത്തിൽനിന്ന് അഷ്മിൽ അപ്രതീക്ഷിതമായി ബൂട്ടഴിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.