കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിപ പരിശോധനക്ക് സൗകര്യമൊരുക്കും -മന്ത്രി
text_fieldsകോഴിക്കോട്: നിപ പരിശോധനക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് പോയിന്‍റ് ഓഫ് കെയര്‍ ടെസ്റ്റിങ് മെഡിക്കൽ കോളജിൽ നടത്തും. ഫലം കണ്‍ഫോം ചെയ്യാന്‍ എൻ.ഐ.വി പുനെയിലേക്ക് അയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐ.സി.യുവും സജ്ജമാക്കി. രോഗിയുടെ സമ്പർക്കപ്പട്ടികയിലെ ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയെന്ന് മന്ത്രി അറിയിച്ചു.
ഐ.സി.യു ബെഡുകളുടേയും വെന്‍റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കും. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്തും. മെഡിക്കല്‍ കോളജിൽ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും വീണ ജോർജ് പറഞ്ഞു.
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.