നിപ: അഞ്ച് പേരുടെ പരിശോധനഫലം കൂടി നെഗറ്റീവ്
text_fieldsകോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 4 എണ്ണം എന്‍.ഐ.വി. പൂണെയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
നിപ സമ്പർക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ പരിശോധനഫലം കൂടി കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. ഇപ്പോള്‍ നിപ സമ്പര്‍ക്കപ്പട്ടികയിൽ 274 പേരാണുള്ളത്. അതില്‍ 149 ആരോഗ്യ പ്രവര്‍ത്തകരാണ്. മറ്റ് ജില്ലകളിലുള്ളവര്‍ 47 പേരാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴുപേര്‍ക്കാണ് രോഗലക്ഷണമുള്ളത്. അതില്‍ ആരുടേയും ലക്ഷണങ്ങള്‍ തീവ്രമല്ല. എല്ലാവര്‍ക്കും ചെറിയ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണുള്ളതെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ കുട്ടിയുടെ വീടിന്‍റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടെയ്ന്മെന്റ് സോണിന്‍റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ നടത്തി. ഈ കാലഘട്ടത്തില്‍ അസ്വാഭാവികമായ പനി, അസ്വാഭാവിക മരണങ്ങള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ കൂടിയാണ് ഹൗസ് ടു ഹൗസ് സര്‍വേ നടത്തിയത്. നിലവില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടോ, ഈ കേസുമായി ബന്ധമുണ്ടോ, മുമ്പ് സമാനമായ ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാനും ശ്രമിച്ചുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.