നിപ: നിരീക്ഷണത്തിലുള്ള കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന്
text_fieldsമലപ്പുറം: നിപ ബാധിതന്‍റെ സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഇന്നലെ 11 പേരുടെ ഫലം ലഭിച്ചത് നെഗറ്റീവായിരുന്നു. പുണെയിൽനിന്ന് കോഴിക്കോട് എത്തിച്ച മൊബൈൽ ലാബിന്റെ പ്രവർത്തനവും ഇന്ന് തുടങ്ങും. ഇനി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് തന്നെ സാംപിൾ പരിശോധിച്ച് സ്ഥിരീകരണം നടത്താം. മലപ്പുറത്ത് കേന്ദ്ര സംഘം ശാസ്ത്രീയ പഠനവും നടത്തും.
രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉൾപ്പെടെ പരിശോധന ഫലമാണ് ഇന്നലെ വന്നത്. നിലവില്‍ 406 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 194 പേര് ഹൈറിസ്ക് കാറ്റഗറിയിലാണ്.
ഇവരില്‍ 139 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട 15 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
14കാരൻ മരിച്ച പാണ്ടിക്കാട്ടും കുട്ടിയുടെ സ്കൂൾ പ്രവർത്തിക്കുന്ന ആനക്കയം പഞ്ചായത്തിലും നിയന്ത്രണങ്ങൾ തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാം.
അമ്പഴങ്ങയെന്ന നിഗമനത്തിലേക്ക് ആരോഗ്യ വകുപ്പ്; കൂടുതൽ വ്യക്തത തേടും
നിപ ബാധിച്ച് മരിച്ച വിദ്യാർഥി വവ്വാലിന്‍റെ സാന്നിധ്യമുള്ള സ്ഥലത്തുനിന്ന് അമ്പഴങ്ങ കഴിച്ചതായി ആരോഗ്യവകുപ്പിന് ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. അമ്പഴങ്ങയിൽനിന്ന് ആകാം വൈറസ് ബാധയേറ്റതെന്ന നിഗമനത്തിലാണ് നിലവിൽ വകുപ്പ്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രത്യേക സംഘം തീവ്രശ്രമത്തിലാണ്. ഇതിനുശേഷമാകും ഉറവിടത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുക.
രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പ് തന്നെ വിദ്യാർഥി അബോധാവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ് കഴിച്ചതെന്ന് ആരോഗ്യപ്രവർത്തകർക്ക് ചോദിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നീട് സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കളിക്കാൻ പോയ സമയത്ത് നാട്ടിലെ ഒരു മരത്തിൽനിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി സൂചന ലഭിച്ചത്. ഇക്കാര്യം തന്നെയാണ് തിങ്കളാഴ്ച രാവിലെ മലപ്പുറത്ത് നടന്ന നിപ അവലോകന യോഗശേഷം ആരോഗ്യമന്ത്രി വീണ ജോർജും വ്യക്തമാക്കിയത്.
വിദ്യാർഥി അമ്പഴങ്ങ കഴിച്ചുവെന്ന് സംശയിക്കുന്ന വീടിന് സമീപത്തെ മരത്തിന് ചുറ്റും കാമറകൾ സ്ഥാപിക്കും. ഇതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥല പരിശോധന പൂർത്തിയാക്കി. മരത്തെ ഫോക്കസ് ചെയ്ത് നാല് കാമറകൾ സ്ഥാപിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.