നിപ: കണ്ടെയ്ൻമെന്‍റ് സോണുകളിലെ കർശന നിയന്ത്രണങ്ങളിൽ ഇളവ്
text_fieldsകോഴിക്കോട്: നിപ രോഗബാധയിൽ ആശങ്കയകലുന്നു. മൂന്നാം ദിവസവും പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ വൈറസ് ബാധ നിയന്ത്രണ വിധേയമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കണ്ടെയ്ൻമെന്‍റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.
സെപ്റ്റംബർ 13ന് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യാപ്പള്ളി, കാവിലുംപാറ, പുറമേരി, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് ഇളവുകൾ. ഇതനുസരിച്ച് കണ്ടെയ്ൻമെന്‍റ് സോണിലെ എല്ലാ കടകമ്പോളങ്ങളും രാത്രി എട്ടു വരെയും ബാങ്കുകൾ ഉച്ച രണ്ടുവരെയും നിപ പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിപ്പിക്കാം.
മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായി ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം. ആളുകൾ കൂട്ടംകൂടുന്നത് കർശനമായി നിയന്ത്രിക്കുകയും മറ്റു നിയന്ത്രണങ്ങൾ തുടരുകയും വേണം. അതേസമയം, സമ്പർക്കപ്പട്ടികയിലുള്ളവരും നിരീക്ഷണത്തിലുള്ളവരും കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
പുതുതായി പരിശോധിച്ച 71 ഹൈറിസ്ക് സാമ്പിളുകളും നെഗറ്റിവാണ്. പോസിറ്റിവായി ചികിത്സയിലുള്ള നാലു പേരിൽ യുവാക്കളായ മൂന്നുപേരുടെയും ആരോഗ്യസ്ഥിതിയിൽ സ്ഥിരതയുണ്ട്. ഒമ്പതുകാരന് ഓക്‌സിജൻ നൽകുന്നുണ്ടെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണ്.
തിങ്കളാഴ്ച കണ്ടെത്തിയ 37 പേരടക്കം 1270 പേരാണ് ആകെ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതുവരെ 218 സാമ്പിളുകൾ പരിശോധിച്ചു. 136 സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്.
ഹൈറിസ്‌ക് പട്ടികയിൽ രോഗസാധ്യത കൂടുതൽ സംശയിച്ച സാമ്പിളുകളും നെഗറ്റിവായത് വലിയ ആശ്വാസമായി. ഏറ്റവുമൊടുവിൽ പോസിറ്റിവായ വ്യക്തിയുമായി അടുത്ത സമ്പർക്കമുള്ള ആരോഗ്യപ്രവർത്തകക്ക് ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും നിപയല്ലെന്ന് സ്ഥിരീകരിച്ചു. രണ്ടാമത് പോസിറ്റിവായ ആളുടെ കൂടെ കാറിൽ സഞ്ചരിച്ച ഏറെ സമ്പർക്കമുള്ള വ്യക്തിയും നെഗറ്റിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.