നിപ: പാണ്ടിക്കാട്ടും ആനക്കയത്തും വീടുകളിൽ സർവേ
text_fieldsപാണ്ടിക്കാട്: നിപ ബാധിച്ച് വിദ്യാർഥി മരിച്ച സാഹചര്യത്തിൽ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ വീടുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് സർവേ ആരംഭിച്ചു. ഞായറാഴ്ച രാവിലെ മലപ്പുറത്ത് നടന്ന യോഗത്തിലെ തീരുമാനപ്രകാരമാണിത്. 50ഓളം ആരോഗ്യപ്രവർത്തകർ, ആശ വർക്കർമാർ, ട്രോമാകെയർ വളന്റിയർമാർ, വാർഡ് തല ആർ.ആർ.ടി വളന്റിയർമാർ, വാർഡംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിലെത്തിയാണ് വിവരം ശേഖരിക്കുന്നത്.
രോഗമോ രോഗലക്ഷണമോ ഉണ്ടോ, നിപ രോഗിയുമായി സമ്പർക്കമുണ്ടായിരുന്നോ തുടങ്ങിയ 13 വിവരങ്ങളാണ് ചോദിച്ചറിയുന്നത്. മരിച്ച കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന പാണ്ടിക്കാട് പഞ്ചായത്തിലെ നാലാം വാർഡിലും അതിർത്തിയായ അഞ്ചാം വാർഡിലും ഞായറാഴ്ച സർവേ നടന്നു. തിങ്കളാഴ്ച മുതൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് ഇരു പഞ്ചായത്തിലെയും മുഴുവൻ വാർഡുകളിലും സർവേ നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പാണ്ടിക്കാട്ട് 16,711ഉം ആനക്കയത്ത് 16,248ഉം വീടുകളാണുള്ളത്.
പാണ്ടിക്കാട് പഞ്ചായത്തിന് സമീപമുള്ള വണ്ടൂര്‍, നിലമ്പൂര്‍, കരുവാരകുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങാന്‍ നിർദേശം നല്‍കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. സമ്പര്‍ക്കത്തിലുള്ള ഒരാളും വിട്ടുപോകാതിരിക്കാനായി മരിച്ച കുട്ടി ആദ്യം ചികിത്സ തേടിയിരുന്ന പാണ്ടിക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.