നിപയുടെ അതിജീവന വിസ്മയമായി ഹനീൻ സ്കൂളിൽ; പൂച്ചെണ്ടുകൾ നൽകി കളിക്കൂട്ടുകാർ
text_fieldsകുറ്റ്യാടി (കോഴിക്കോട്): നിപയുടെ അതിജീവന വിസ്മയമായ ആ ഒമ്പതുകാരൻ ഇന്നലെ വീണ്ടും സ്കൂളിലെത്തി; ഹനീൻ.. നാളുകളേറെ കേരളത്തെ മുഴുവൻ ആശങ്കയിലും പ്രാർഥനയിലും തളച്ചിട്ട ഹനീൻ ആറ് ദിവസമാണ് വെന്റിലേറ്ററിൽ കഴിഞ്ഞത്. ഒടുവിൽ പ്രാർഥനകളെ സാർഥകമാക്കി ആ ബാലൻ വീണ്ടും പതിവു ജീവിതത്തിലേക്ക് നടന്നുകയറി. മൂന്നുമാസത്തിന് ശേഷമാണ് കള്ളാട് സ്വദേശിയായ ഹനീൻ സ്കൂളിൽ തിരിച്ചെത്തിയത്.
കള്ളാട് എൽ.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും അവനെ ആഹ്ലാദപൂർവം എതിരേറ്റു. പ്രത്യേകം അസംബ്ലി ചേർന്ന് അവർ ഹനീന് ആദരമൊരുക്കി. സ്കൂൾ ലീഡർ അലിൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, മെംബർ സമീറ ബഷീർ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 25നാണ് ഹനീൻ അവസാനമായി സ്കൂളിലെത്തിയത്.
29ന് ഹനീന്റെ പിതാവ് മുഹമ്മദലിയെ നിപയുടെ രൂപത്തിൽ മരണം കീഴടക്കിയിരുന്നു. സെപ്റ്റംബർ ഒമ്പതിന് ഹനീനെ രോഗലക്ഷണങ്ങൾ കണ്ട് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് റഫർ ചെയ്തു. 10 മുതൽ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.
ശ്രവ പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. മുഹമ്മദലിയുമായി സമ്പർക്കമുണ്ടായിരുന്ന ആയഞ്ചേരി സ്വദേശിയും മരിച്ചിരുന്നു. ഇതോടെ ഇരുവരും മരിച്ചത് നിപ ബാധിച്ചാണെന്ന് ബോധ്യമായി. തുടർന്ന് ജില്ലയിലെ പല പഞ്ചായത്തുകളും രണ്ടാഴ്ചക്കാലം നിയന്ത്രണങ്ങളായി.
സെപ്റ്റംബർ 30നാണ് ഹനീൻ രോഗം ഭേദമായി വീട്ടിൽ തിരിച്ചെത്തിയത്. രണ്ടാഴ്ച ക്വാറന്റീനിയാലിയിരുന്നു. രോഗം ബാധിച്ച മാതൃ സഹോദരനും ഇവരോടൊപ്പമായിരുന്നു. അദ്ദേഹമാണ് ഹനീനെ ഇന്നലെ സ്കൂളിൽ എത്തിച്ചത്.
പ്രധാനാധ്യാപിക കെ. ബീന, മാനേജ്മെന്റ് പ്രതിനിധി ദേവദാസ്, എം.പി.ടി.എ ചെയർപേഴ്സൺ ജോഷിമ രജീഷ്, പി.ടി.ഐ വൈസ് പ്രസിഡന്റ് അനഘ ലിനീഷ്, കെ. സുഹ്റ, എ.കെ. ബീന, ആനന്ദ് അശോക്, ഹാജിഷ, പി. സുജിത്ത്, ചിത്ര, പി.ടി. ബിൻസി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഹനീന് കള്ളാട് റീഡേഴ്സ് ഫോറം ഭാരവാഹികൾ വീട്ടിലെത്തി പുസ്തകങ്ങൾ കൈമാറി. കെ.വി.കെ. തങ്ങൾ, നാവത്ത് ചന്ദ്രൻ, കെ.പി. റഷീദ്, സി. ഫൈസൽ, സുരേഷ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.