നിപ: കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം നാളെ കോഴിക്കോട്ടെത്തും
text_fieldsകോഴിക്കോട്: നിപ ജാഗ്രത തുടരുന്നതിനിടെ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം തിങ്കളാഴ്ച കോഴിക്കോട്ടെത്തും. ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിൽ സംഘം സന്ദർശിച്ച് പഠനം നടത്തും. അതിനിടെ, കോഴിക്കോട് ജില്ലയിൽ നിപ നിയന്ത്രണ വിധേയമാണെന്നാണ് സൂചനയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു.
ശനിയാഴ്ച പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. കോഴിക്കോട് 1192 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. അതിൽ അഞ്ചുപേർ ലക്ഷണങ്ങളോട് കൂടി ഐസൊലേഷനിലാണ്. നിയന്ത്രണങ്ങൾ തുടരുകയാണ്. ജില്ലയിൽ ശനിയാഴ്ച വരെ പഠനം ഓൺലൈൻ വഴിയാക്കിയിട്ടുമുണ്ട്.
കോഴിക്കോട് കോർപറേഷൻ പരിധിയിലെ ചെറുവണ്ണൂർ സ്വദേശിയായ 39 കാരന് നിപ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തിന്‍റെ വീടിന്‍റെ അഞ്ച് കിലോമീറ്റർ പരിധിയിൽ പെട്ട കോഴിക്കോട് കോർപ്പറേഷനിലെ 43,44,45,46,47,48,51 വാർഡുകളും ഫറോക്ക് മുൻസിപ്പാലിറ്റി എല്ലാ വാർഡുകളും കണ്ടൈൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കാട്ടാക്കട സ്വദേശിനിയുടെ നിപ ഫലം ഞായറാഴ്ച വരും. അതോടൊപ്പം 51 പേരുടെ പരിശോധന ഫലവും ഇന്നറിയാൻ സാധിക്കും. തിരുവനന്തപുരത്ത് രണ്ടുപേർക്കായിരുന്നു രോഗം സംശയിച്ചിരുന്നത്. കോഴിക്കോട്ട് നിന്ന് വന്നയാളായിരുന്നു മെഡിക്കൽ വിദ്യാർഥി. കാട്ടാക്കട സ്വദേശിനിയുടെ ബന്ധുക്കൾ കോഴിക്കോട്ട് നിന്ന് വന്നിരുന്നു. തോന്നക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് ഇവരുടെ സാമ്പിളുകൾ പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.