നിപ; നിരീക്ഷണത്തിലുള്ള 11 പേരുടെ സ്രവപരിശോധന ഫലം ഇന്ന്
text_fieldsകോഴിക്കോട്: ജില്ലയിൽ നിപ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ള 11 പേരുടെ സ്രവപരിശോധന ഫലം ഇന്ന് ലഭിക്കും. ഇന്നലെ ജില്ലയിൽ ഒരാൾക്ക് നിപ സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൂന്ന് പേരാണ് വൈറസ് ബാധയുമായി ചികിത്സയിലുള്ളത്. ആരോഗ്യപ്രവർത്തകന് പുറമേ നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ ഒമ്പതുവയസുകാരനായ മകൻ, ഭാര്യയുടെ സഹോദരനായ 24കാരൻ എന്നിവരാണ് നിപ സ്ഥിരീകരിച്ച് ചികിത്സയിൽ തുടരുന്നത്.
അതിനിടെ, തിരുവനന്തപുരത്ത് നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന വിദ്യാർഥിയുടെ പരിശോധന ഫലം നെഗറ്റീവായി. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപയില്ലെന്ന് വ്യക്തമായത്. മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ നേരിയ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലുണ്ട്. ഇയാൾ കോഴിക്കോട് അസുഖം ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളയാളല്ല. ഇയാളുടെയും സ്രവം പരിശോധനക്കയച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ജില്ലയിൽ ഇന്നും നാളെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. 24 വരെ പൊതുപരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി.
വടകര താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കടുത്ത നിയന്ത്രണമേർപ്പെടുത്തി. ഇവിടങ്ങളിൽ പൊതുഗതാഗതം നിരോധിച്ചു. അവശ്യസർവിസുകൾ മാത്രമാണ് അനുവദിക്കുന്നത്.
കോഴിക്കോട് മരുതോങ്കര കള്ളാട്ട് മുഹമ്മദലി (45), ആയഞ്ചേരി മംഗലാട്ട് ഹാരിസ് (40) എന്നിവരുടെ മരണമാണ് നിപ മൂലമെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. മുഹമ്മദലി ആഗസ്റ്റ് 30നും ഹാരിസ് സെപ്റ്റംബർ 11നുമാണ് മരിച്ചത്. ഇരുവരുടെയും റൂട്ട് മാപ്പ് ഉൾപ്പെടെ പ്രസിദ്ധീകരിച്ച് സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.