നിപ: ശബരിമല തീർഥാടകർക്ക് മാർഗനിർദേശം നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: നിപ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീർഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ഹൈകോടതി. കന്നിമാസ പൂജകൾക്കായി ഞായറാഴ്ച നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങളിൽ ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് ആരോഗ്യ സെക്രട്ടറിക്ക് ഹൈകോടതി നിർദേശം നൽകിയത്.
ശബരിമലയിൽ തീർഥാടകരുടെ വെർച്വൽ ക്യൂ സംവിധാനത്തിൽ 34,860 ബുക്കിങ്ങുകളാണ് കന്നിമാസ പൂജകൾക്കായി ഉള്ളത്. കോഴിക്കോട് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം, വെള്ളിയാഴ്ച ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ചവരുടെ എണ്ണം നാലായി. ആദ്യ രോഗിയുമായി ആശുപത്രിയിൽ വെച്ച് സമ്പർക്കമുണ്ടായ ഫറോക്ക് ചെറുവണ്ണൂർ സ്വദേശിയായ 39 കാരനാണ് രോഗം സ്ഥിരികരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നാല് മന്ത്രിമാരുടെ സാന്നിധ്യത്തിൽ കളക്ടേറ്റേറ്റിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, കേന്ദ്രസംഘം രോഗബാധിത മേഖലകളിൽ പരിശോധനകളും തുടങ്ങി. കുറ്റ്യാടി കള്ളാട് മേഖലയിലാണ് പരിശോധന നടത്തുന്നത്. ആദ്യം രോഗം ബാധിച്ചു മരിച്ച മുഹമ്മദിന്റെ വീട്, മുഹമ്മദിന്റെ തറവാട് വീട് എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. മെഡിക്കൽ കോളജിലെ പ്രത്യേകം തയ്യാറാക്കിയ വാർഡുകളും സന്ദർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.