വ്യാപനഭീതിയൊഴിയുന്നു; നിപ വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നില്ലെന്ന് നിഗമനം
text_fieldsകോഴിക്കോട്: രണ്ടു നിപ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ജില്ലയിൽ ഇന്നലെ പരിശോധന നടത്തിയ സാമ്പിളുകളിൽ പുതിയ പോസിറ്റിവ് കേസുകളില്ല. ഇതോടെ രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
അതേസമയം, നിപ ലക്ഷണങ്ങളോടെ അഞ്ചു പേരെ കൂടി ഇന്നലെ ഐസൊലേഷനിലാക്കി. കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകനും ഇതിലുൾപ്പെടും. നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. വെന്‍റിലേറ്ററിൽ കഴിയുന്ന ഒമ്പതു വയസ്സുകാരന്‍റെ ആരോഗ്യ സ്ഥിതിയിലും നേരിയ പുരോഗതിയുള്ളതായി ആരോഗ്യമന്ത്രി വീണ ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 51 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.
പുതുതായി 97 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവർ 1192 ആയി. കണ്ടെയ്ൻമെന്റ് സോണുകളിലെ 22,208 വീടുകളിൽ ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തി. നിപ രോഗികൾ ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രികളിൽ ശനിയാഴ്ച മന്ത്രി സന്ദർശനം നടത്തി. രോഗികളുമായി വിഡിയോ കാളിൽ സംസാരിച്ചു. പ്രോട്ടോകോൾ ലംഘിച്ചതിന് രണ്ടു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനും കലക്ടറുടെ നിർദേശം അവഗണിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചതിനുമാണ് കേസ്. വ്യാജ സന്ദേശം പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
‘മിംസ്’ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ചെലവ് സംബന്ധിച്ച് മാനേജ്മെന്റുമായി സംസാരിക്കുകയും തൽക്കാലം പണം അടക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയും ചെയ്തതായി മന്ത്രി അറിയിച്ചു. ചികിത്സച്ചെലവ് സർക്കാർ വഹിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.